ഡി.ജി.പി രവാഡ ചന്ദ്രശേഖർ

സ്റ്റേഷനുകളുടെ ചുമതല ഇനി എസ്.ഐമാർക്ക്; പൊലീസിൽ സമഗ്രമാറ്റം നിർദേശിച്ച് ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സംവിധാനത്തിൽ സമഗ്ര മാറ്റം നിർദേശിച്ച് ഡി.ജി.പി രവാഡ ചന്ദ്രശേഖർ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) സംവിധാനത്തിലുൾപ്പെടെ സമഗ്ര മാറ്റമാണ് റിപ്പോർട്ടിൽ നിർദേശിച്ചത്. നിലവിലെ പൊലീസ് സ്റ്റേഷൻ ഭരണസംവിധാനത്തിൽ നിരവധി അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഡി.ജി.പിയുടെ പുതിയ ശിപാർശകൾ. സംസ്ഥാനത്തെ വലിയ 63 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ നേരിട്ട് സ്റ്റേഷൻ ഹൗസ് ഓഫിസറായാൽ മതിയെന്നും ബാക്കിയിടങ്ങളിൽ എസ്.ഐമാർക്ക് ഈ ചുമതല നൽകണമെന്നും ശിപാർശയുണ്ട്.

സംസ്ഥാനത്ത് വീണ്ടും 210 പൊലീസ് സർക്കിളുകൾ രൂപത്കരിക്കണം. ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കുന്ന 206 സി.ഐമാരെ മറ്റു പ്രധാന മേഖലകളിലേക്ക് മാറ്റി നിയമിക്കണം. നിലവിലെ ക്രമസമാധാനപാലനവും സ്റ്റേഷൻ ഭരണവും കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിപാർശകൾ ആഭ്യന്തര വകുപ്പിന് സമർപ്പിച്ചത്. എസ്.എച്ച്.ഒമാരായി സി.ഐമാരെ നിയമിച്ചതോടെ സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ജോലിഭാരം കൂടിയത് മൂലം പല സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്യാത്ത സാഹചര്യമുണ്ടായി.

മതിയായ ജോലിയില്ലാത്തതിനാൽ ചെറുപ്പക്കാരായ എസ്.ഐമാർ കാര്യമായ ശുഷ്കാന്തി കാണിക്കാതെയായി. ഡിവൈ.എസ്.പിമാർക്കിടയിലും ഇതേ പ്രശ്നമുണ്ടായെന്നാണ് വിലയിരുത്തൽ. പുതിയ സംവിധാനത്തിലൂടെ സി.ഐമാർക്കും ഡിവൈ.എസ്.പിമാർക്കും കൂടുതൽ സ്റ്റേഷനുകളുടെ ചുമതല ലഭിക്കുമെന്നും ഫലത്തിൽ അവരുടെ ജോലിഭാരം കുറയുമെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് എസ്.എച്ച്.ഒമാരായി സർക്കിൾ ഇൻസ്പെക്ടർമാരെ നിയമിച്ചതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിൽ ഡി.ജി.പിയുടെ റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ച് സ്റ്റേഷൻ ചുമതല ഉടൻ എസ്.ഐമാർക്ക് കൈമാറി ഉത്തരവുണ്ടാകുമെന്നാണ് വിവരം. 

Tags:    
News Summary - DGP proposes comprehensive changes in the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.