പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ ജുവിൻ രാജു മടങ്ങി; അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും

കൊച്ചി: തൃശൂർ ആളൂരിൽ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിക്ക് മസ്തിഷ്‍ക മരണം സംഭവിച്ചു. ആളൂർ സ്വദേശി ജുവിൻ രാജു (16) വാണ് മരിച്ചത്. ജുവിൻ രാജുവിന്റെ അവയവങ്ങൾ ദാനംചെയ്യാൻ കുടുംബം അനുമതി നൽകി. അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും.

ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാന്ന് മസ്തിഷ്‌കമരണം സംഭവിച്ചത്. ഹൃദയവും കരളും വൃക്കകളും കോർണിയയും ദാനംചെയ്യാനാണ് ബന്ധുക്കൾ അനുമതി നൽകിയത്.

എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 22കാരനിൽ ഹൃദയം മാറ്റി​വെക്കും. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ രോഗിക്കാണ് കരൾ നൽകുക. ഒരു വൃക്ക ലിസി ആശുപത്രിയിലെയും മറ്റൊന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെയും രോഗികൾക്കായി നൽകും. കോർണിയ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഐ ബാങ്കിലേക്കാണ് മാറ്റുക.

ജൂൺ 15ന് രാവിലെ 11:30-ഓടെ ആളൂർ കദളിചിറയിലെ അപകടത്തിലാണ് ജുവിന് ഗുരുതര പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന അനന്തകൃഷ്ണൻ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രണ്ട് പേരും ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. കദളിച്ചിറയിൽ വെച്ച് സ്കൂട്ടർ വലതുവശത്തേക്ക് തിരിയുന്ന സമയത്താണ് അപകടമുണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ പൊലീസ് വാഹനം ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ജുവിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. പോട്ട ഭാ​ഗത്ത് നിന്ന് ഇരിങ്ങാലക്കുട ഭാ​ഗത്തേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും.

പരിക്കേറ്റ അനന്തകൃഷ്ണനെ സർജറിക്ക് വിധേയമാക്കി. അപകടനില തരണംചെയ്തിട്ടുണ്ട്. 

Tags:    
News Summary - Juvin Rajus organs will give new life to five people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.