കൊച്ചി: തടസ്സങ്ങളില്ലാതെ നടക്കാനുള്ള അവകാശം പൗരന് ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും നടപ്പാതകളിൽ കിയോസ്‌കുകളോ കച്ചവടകേന്ദ്രങ്ങളോ പാടില്ലെന്നും ഹൈകോടതി. വാക്ക്‌വേയുടെ വീതി കുറച്ച് കിയോസ്‌കുകൾ നിർമിക്കുന്നത് കാൽനട യാത്രക്കാരുടെ മൗലികാവകാശത്തെ ബാധിക്കുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. കൊച്ചിയിലെ ക്വീൻസ് വാക്ക്‌വേയിൽ കിയോസ്‌കുകൾ നിർമിക്കുന്നതിനെതിരെ തൃത്വം അപ്പാർട്ട്‌മെൻറ് ഓണേഴ്‌സ് അസോസിയേഷന്റെ ഹരജിയിലാണ് നിരീക്ഷണം.
എറണാകുളം ക്വീൻസ് വാക്ക്‌വേയിൽ കിയോസ്‌കുകൾ നിർമിക്കാനോ പ്രവർത്തിപ്പിക്കാനോ പാടില്ലെന്ന് കോടതി നിർദേശിച്ചു. ഭക്ഷണശാലകൾ ഉൾപ്പെടെ രാജ്യാന്തര സൗകര്യങ്ങൾ ഉറപ്പാക്കി നഗരത്തിന്‍റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കാനാണ് ലക്ഷ്യമിട്ടതെന്നായിരുന്നു ‘ജിഡ’ അടക്കം എതിർകക്ഷികളുടെ വാദം. എന്നാൽ, സ്ട്രീറ്റ് വെൻഡിങ് ആക്ട് പ്രകാരം കൊച്ചി നഗരസഭയുടെ നിയമാവലിയിൽ അയ്യപ്പൻകാവ് ഡിവിഷനിലെ ഗോശ്രീ-ചാത്യാത്ത് റോഡ് നോ വെൻഡിങ് സോണായതിനാൽ കിയോസ്‌കുകളോ കടകളോ സ്ഥാപിക്കാൻ ഗോശ്രീ ഐലൻഡ് ഡെവലപ്മെന്‍റ് അതോറിറ്റിക്കോ (ജിഡ) നഗരസഭക്കോ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കാൽനടയാത്രക്കാരുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെ രൂപകൽപന ചെയ്ത മേഖലകളെ വാണിജ്യ, വ്യാപാര താൽപര്യങ്ങളുടെ പേരിൽ ഇല്ലാതാക്കരുത്.
കാൽനടയാത്രക്കാരുടെ സൗകര്യമാണ് പ്രധാനം. അവർക്ക് സൗകര്യങ്ങൾ ഒരുക്കാനും കൃത്യമായി പരിപാലിക്കാനും നഗരസഭക്ക് ബാധ്യതയുണ്ട്. വാക്കിങ് സ്റ്റിക്ക്, ക്രച്ചസ്, വീൽചെയർ തുടങ്ങിയവ ഉപയോഗിക്കുന്നവരും ‘പെഡസ്ട്രിയൻ’ എന്ന നിർവചനത്തിൽപ്പെടും. സൈക്കിൾ ട്രാക്ക്, ജോഗിങ് ട്രാക്ക്, നടപ്പാത എന്നിവയടക്കം ലക്ഷ്യമിട്ട് ജിഡയും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും ചേർന്ന് രൂപകൽപന ചെയ്തതാണ് കായലോരത്തെ ക്വീൻസ് വാക്ക് വേ. ഇതിലെ നിർമാണ പ്രവർത്തനങ്ങൾ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.