വീര്യംകുറഞ്ഞ മദ്യം:​ നികുതിയിളവിന് മുൻ സർക്കാറിന്‍റെ കാലത്തും നീക്കം

​തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്​ വിൽപന നികുതിയിളവ്​ നൽകുന്ന വിഷയത്തിൽ മുൻ സർക്കാറിന്‍റെ കാലത്തും കാര്യമായ നീക്കങ്ങളുണ്ടായി. ആറുമാസത്തെ ഇടവേളയിൽ​ ഇതുസംബന്ധിച്ച് പരസ്പരവിരുദ്ധമായ രണ്ട്​ റിപ്പോർട്ടുകൾ ജി.എസ്.ടി വകുപ്പിൽനിന്ന്​ നൽകി. നികുതിയിളവ്​ നൽകരുതെന്നായിരുന്നു ആദ്യ റിപ്പോർട്ടെങ്കിൽ ഇളവാകാം എന്നായിരുന്നു രണ്ടാമത്തേത്ത്​. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഇക്കാര്യത്തിൽ തിടുക്കത്തിൽ തീരുമാനമെടുത്തില്ല.

യു.ഡി.എഫ്​ സർക്കാറിന്‍റെ കന്നി ബജറ്റിൽ അതേ വിഷയത്തിലാണ്​ നികുതിയിളവ്​ നൽകിയത്​. മുൻ സർക്കാറിന്‍റെ കാലത്ത്​ ഇതിലും കൂടുതൽ നികുതിയിളവാകാമെന്ന​ ശിപാർശ വന്നിരുന്നതായും അറിയുന്നു.

ബക്കാർഡി​ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന കുത്തകക്കമ്പനിക്ക്​ ലാഭം കൊയ്യാനാണ്​ നികുതിയിളവ്​ നൽകിയതെന്നും അതിനുപിന്നിൽ അഴിമതിയുണ്ടെന്നുമാണ്​ മുൻ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇപ്പോൾ ആരോപിക്കുന്നത്​. അന്ന്​ ഇളവ്​ നൽകിയിരുന്നില്ലെന്നും ആ നീക്കവുമായി സർക്കാർ മുന്നോട്ടുപോയില്ലെന്നുമാണ്​ പ്രതിപക്ഷം പറയുന്നത്​.

2022-’23ലെ അബ്കാരി നയത്തിൽ വീര്യംകുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാമെന്ന നിർദേശം വരികയും ഈയിനത്തിലെ മദ്യത്തിന്‍റെ വീര്യം 0.5 ശതമാനം മുതൽ 20 ശതമാനം വരെയാകുമെന്ന് എക്സൈസ് വകുപ്പ് ക്ലാസിഫിക്കേഷൻ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതോടെയാണ്​ നികുതിയിളവിനായി ബക്കാർഡി കമ്പനി 2023ൽ ജി.എസ്.ടി വകുപ്പ്​ വഴി അപേക്ഷ നൽകിയത്.

നികുതിയിളവ് ഇപ്പോൾ നൽകേണ്ടെന്നും ആവശ്യമെങ്കിൽ ഒരു വർഷം കാത്തിരുന്നശേഷം തീരുമാനിക്കാമെന്നുമായിരുന്നു ജി.എസ്.ടി വകുപ്പിന്‍റെ ആദ്യ റിപ്പോർട്ട്. ആറുമാസത്തിനുശേഷം നൽകിയ റിപ്പോർട്ടിലെ ശിപാർശയിൽ നികുതിയിളവ്​ ആകാമെന്ന് വ്യക്​തമാക്കിയെന്നാണ്​ രേഖകൾ. ബിയറിനും ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബാധകമായ നികുതിയുടെ ഇടയിൽ നികുതി നിശ്ചയിക്കാമെന്നും അല്ലെങ്കിൽ വീര്യം കണക്കാക്കി വ്യത്യസ്ത നികുതി നിരക്കുകളാകാമെന്നുമായിരുന്നു ശിപാർശ.

സ്വകാര്യ കമ്പനിയുടെ മദ്യത്തിന്​ ബിയറിന്​ തുല്യമായ 116 ശതമാനം നികുതി ഈടാക്കാമെന്ന നിലക്കായിരുന്നു ശിപാർശ. യു.ഡി.എഫ്​ സർക്കാർ 120 ശതമാനമായാണ്​ നികുതി കുറച്ചത്​. മുൻ സർക്കാറിന്‍റെ കാലത്ത്​ നടക്കാത്ത കാര്യം നടപ്പാക്കാൻ സ്വകാര്യ കമ്പനി നീക്കം നടത്തിയെന്നാണ്​ വ്യക്​തമാകുന്നത്​. ഈ സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ ഏഴ്​ ഉദ്യോഗസ്ഥർ ഈ ഫയൽ കണ്ടെന്ന പ്രതിപക്ഷ ആരോപണവും ഗൗരവതരമാണ്​. 

Tags:    
News Summary - Low-alcohol liquor: Move for tax cut also made during previous government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.