തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച 262.06 കോടി രൂപ അക്കൗണ്ടിങ് തത്വങ്ങൾ ലംഘിച്ച് ട്രഷറിയിലേക്ക് വകമാറ്റിയെന്ന് സി.എ.ജി കണ്ടെത്തൽ. ഇത് ധനകാര്യ ഔചിത്യമില്ലായ്മയാണെന്ന് സി.എ.ജി വിമർശിച്ചു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അഞ്ച് സ്‌പെഷൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 262.06 കോടിയുടെ പൊതുസംഭാവനകളാണ് വകമാറ്റിയതെന്ന് 2024-25 വർഷത്തെ സംസ്ഥാനത്തിന്റെ ധനസ്ഥിതി റിപ്പോർട്ടിൽ സി.എ.ജി ചൂണ്ടിക്കാട്ടി.
കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാനും 2018ലെ പ്രളയം, വയനാട് ഉരുൾപൊട്ടൽ തുടങ്ങിയ ആവശ്യങ്ങൾക്കുമായി പൊതുജനങ്ങളിൽനിന്നും സർക്കാർ ജീവനക്കാരിൽനിന്നും ലഭിച്ച സംഭാവനകളാണ് ഈ അക്കൗണ്ടുകളിലുണ്ടായിരുന്നത്. ഈ തുക ‘അധികമായി നൽകിയ തുകയുടെ കിഴിവ് - നിർജീവമായ ട്രഷറി അക്കൗണ്ടുകളിൽനിന്നും എടുത്ത തുകയുടെ റീഫണ്ട്’ എന്ന അക്കൗണ്ട് ഹെഡ് ഉപയോഗിച്ചാണ് ട്രഷറിയിലേക്ക് വകമാറ്റിയത്. ഈ നടപടി വഴി സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയിലും ധനകമ്മിയിലും 262.06 കോടി രൂപ കുറച്ചുകാണിച്ചു. സർക്കാരിതര ഫണ്ടുകൾ കമ്മികൾ കുറക്കാൻ ഇത്തരത്തിൽ ട്രഷറിയിലേക്ക് മാറ്റുന്നത് ക്രമരഹിതമാണെന്നാണ് ഓഡിറ്റിലെ നിരീക്ഷണം.
പബ്ലിക് അക്കൗണ്ടിലെ ബാധ്യതകൾ കുറക്കാൻ എല്ലാ വർഷവും ഇത്തരത്തിൽ തുക ട്രഷറിയിലേക്ക് മാറ്റാറുണ്ടെന്നും അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ ആഴ്ചയിൽതന്നെ ഇത് തിരികെ അനുവദിക്കാറുണ്ടെന്നുമായിരുന്നു സർക്കാറിന്റെ വിശദീകരണം. തുക പിന്നീട് തിരികെ നൽകിയെങ്കിലും പൊതുജനങ്ങളിൽനിന്നും ജീവനക്കാരിൽനിന്നും ദുരിതാശ്വാസത്തിന് ലഭിച്ച സർക്കാരിതര ഫണ്ടുകൾ കമ്മി കുറച്ചുകാണിക്കാൻ ട്രഷറിയിലേക്ക് മാറ്റുന്നത് അക്കൗണ്ടിങ് തത്വങ്ങളുടെ ലംഘനവും ധനകാര്യ ഔചിത്യമില്ലാത്ത നടപടിയുമാണെന്നാണ് സി.എ.ജിയുടെ വിലയിരുത്തൽ. ഇത്തരം നടപടി ഭാവിയിൽ ആവർത്തിക്കില്ലെന്ന് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പിന്നീട് ഉറപ്പുനൽകി.
ഇതിനുപുറമെ, വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെ ഭാഗമായി അധിക വായ്പാ പരിധി നേടാൻ കെ.എസ്.ഇ.ബിയുടെ നഷ്ടം ഏറ്റെടുക്കാൻ സർക്കാർ നൽകിയ 494.29 കോടി, വായ്പാ അനുമതി ലഭിച്ചതിന് തൊട്ടുപിന്നാലെ തിരിച്ചുപിടിച്ചു. ഇത് സാമ്പത്തിക ഔചിത്യത്തിന്റെ ഗുരുതര ലംഘനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
പതിനാലാം ധനകാര്യ കമീഷൻ ഗ്രാന്റുകളിൽ ചെലവാകാതെ ശേഷിച്ച 719.15 കോടി തദ്ദേശ സ്ഥാപനങ്ങളുടെ കുടിശ്ശിക തീർപ്പാക്കാനെന്ന പേരിൽ ജലഅതോറിറ്റിക്ക് നൽകുകയും ഉടൻതന്നെ ട്രഷറിയിലേക്ക് തിരിച്ചുപിടിക്കുകയും ചെയ്തു. പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാന്റുകൾ ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡം പാലിക്കാനായിരുന്നു ഈ നടപടി. നിയമസഭാ മണ്ഡലങ്ങളിലെ ആസ്തി വികസന പദ്ധതിക്കായി മൂലധന ഹെഡിൽ അനുവദിച്ച 5.85 കോടി റവന്യൂ അക്കൗണ്ടിലേക്ക് മാറ്റിയതും റവന്യൂ കമ്മി കുറച്ചു കാണിക്കാൻ ഇടയാക്കിയെന്ന് സി.എ.ജി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.