കർഷക സമരത്തെ അവഗണിച്ച രാഹുൽ കേരളത്തിൽ വന്ന് ട്രാക്ടർ ഓടിക്കുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ കർഷക സമരത്തെ പാടെ അവഗണിച്ച രാഹുൽ ഗാന്ധി കേരളത്തിൽവന്ന് കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിൻെറ വിശാലമനസ്കത പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കോവിഡ് കണക്കുകൾ വിവരിക്കുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് കർഷകർക്ക് വേണ്ടി ട്രാക്ടർ ഓടിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കടലിൽ നീന്തുന്നു. അദ്ദേഹം കേരളത്തോട് കാണിക്കുന്ന താൽപര്യത്തിൽ നന്ദിയുണ്ട്. ജനുവരി 16ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തതു പ്രകാരം ഡൽഹിയിലെ കർഷക സമര സ്ഥലത്ത് ഏകദേശം 70ഓളം പേർ മരിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തെ ഒന്നടങ്കം പിടിച്ചുലക്കുന്ന കർഷക സമരത്തെ പാടെ അവഗണിച്ച് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കാൻ തയാറാകുന്നതാണ് കാണുന്നത്. ഏതായാലും ഇക്കാര്യത്തിലെ അദ്ദേഹത്തിൻെറ വിശാല മനസ്കത പ്രശംസനീയമാണ് -മുഖ്യമന്ത്രി പരിഹസിച്ചു.

1990കളോടെ നടപ്പിലാക്കിയ നവഉദാരവത്കരണ നയങ്ങളെ തുടർന്നാണ് ലോകത്തെ തന്നെ ഞെട്ടിച്ച രീതിയിൽ ഇന്ത്യയിൽ കർഷക ആത്മഹത്യകൾ ആരംഭിച്ചത്. നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇക്കാലയളവിൽ ഏകദേശം മൂന്ന് ലക്ഷം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്ത് കഴിഞ്ഞു. അതിന്നും തുടരുന്നു. അതിന് കാരണമായത് കോൺഗ്രസ് നടപ്പിലാക്കിയ ഇന്നും അവരുടെ അജണ്ടയായി മുന്നോട്ട് വെക്കുന്ന നയങ്ങളും ഭരണപരിഷ്കാരങ്ങളുമാണ്.

രാഹുലിൻെറ മണ്ഡലത്തിൽ ഉൾപ്പെടുന്ന വയനാട് ജില്ലയിലെ കർഷകർക്ക് എന്താണ് സംഭവിച്ചത് എന്നെങ്കിലും രാഹുൽ തിരക്കണം. വയനാടിൻെറ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷികൾ എങ്ങിനെയാണ് തകർന്നടിഞ്ഞത്? ഇന്ത്യയിലെ കാർഷിക പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച പത്രപ്രവർത്തകൻ പി. സായ്നാഥ് പറയുന്നത് പ്രകാരം ഏകദേശം 6000 കോടി രൂപയുടെ നഷ്ടമാണ് 2000ത്തിൻെറ ആദ്യ നാലഞ്ച് വർഷങ്ങൾക്കുള്ളിൽ വയനാട്ടിലെ കാപ്പി, കുരുമുളക് കൃഷികളിൽ മാത്രം സംഭവിച്ചത്. ആയിരക്കണക്കിന് കർഷകരും കർഷക തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. അത് മനസ്സിലാക്കാതെ, കൊടിയ ശൈത്യത്തിൽ മരണത്തോട് മല്ലിട്ട് രാജ്യ തലസ്ഥാനത്തെ തെരുവുകളിൽ കർഷകർക്ക് ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയില്ല. കോൺഗ്രസ് തുടങ്ങിവെച്ച, നിർദയം നടപ്പാക്കിയ കർഷക വിരുദ്ധ നയങ്ങളുടെ ഫലമായാണ് ഇതെല്ലാം സംഭവിച്ചത്.

കൊല്ലപ്പെട്ട ലക്ഷക്കണക്കിന് കർഷകരുടെ രക്തം കോൺഗ്രസിൻെറ കൈകളിൽ പറ്റിയിരിക്കുകയാണ്. അനാഥമാക്കപ്പെട്ട അത്രയും കുടുംബങ്ങളുടെ ദുരിത ജീവിതങ്ങളോർക്കണം. ഈ പാതകങ്ങൾക്ക് കർഷകരോട് രാഹുൽ ഗാന്ധി കോൺഗ്രസിന് വേണ്ടി നിരുപാധികം മാപ്പ് പറയുകയാണ് വേണ്ടത്. ഈ നയങ്ങൾ തിരുത്തുകയാണ് വേണ്ടത്. അതിനുള്ള ആർജവം അദ്ദേഹത്തിൽനിന്ന് ഉണ്ടാകുമോ? -മുഖ്യമന്ത്രി ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.