ന്യൂഡൽഹി: നിലപാട് മാറ്റുന്നതും മുന്നണി മാറുന്നതുമായ ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ. മാണി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം അഭിപ്രായങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്. മുന്നണി മാറുകയാണെങ്കിൽ അഞ്ച് എം.എൽ.എമാരും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടാൻ ഒരുങ്ങിയ നീക്കത്തിന് തടയിട്ടത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയുടെ ശബ്ദരേഖ പുറത്തുവന്നതിൽ പ്രതികരിക്കുകയായിരുന്നു. പുറത്തുവന്ന ശബ്ദരേഖ വർഗീസിന്റേതാണെങ്കിലും അല്ലെങ്കിലും കാലം മാറി സംസാരിച്ചതാണെന്ന് തോന്നുന്നു. 2020ൽ കേരള കോൺഗ്രസിനെ യു.ഡി.എഫിൽനിന്ന് പുറത്താക്കിയപ്പോൾ ചേർത്തുപിടിക്കാൻ കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനമെടുത്തപ്പോൾ അതിനൊപ്പം ഉറച്ചുനിൽക്കണമെന്ന് പറഞ്ഞത് റോഷിയും ജയരാജും അടക്കമുള്ളവരാണ്. അതിനെക്കുറിച്ചായിരിക്കും അദ്ദേഹം പറഞ്ഞത്.
ഇടതുപക്ഷമാണ് ഞങ്ങളെ ചേർത്തുപിടിച്ചത്. അവർക്കൊപ്പമാണ് ഇപ്പോഴും. അതുകൊണ്ട് ഉത്തരവാദിത്തമുള്ള ഒരു നേതാവ് ഇത്തരത്തിൽ സംസാരിക്കുമെന്ന് ഞാൻ കരുതുന്നില്ല. കേരള കോൺഗ്രസ് ബൂർഷ്വാ പാർട്ടിയാണെന്നടക്കുള്ള രീതിയിൽ സംസാരിച്ചത് വർഗീസാണെന്ന് കരുതുന്നില്ല. ആരാണെങ്കിലും പണ്ടുകാലത്തെ സഖാക്കളെപോലെ വായനശീലമുള്ള ആളല്ല ഇതെന്ന് തനിക്ക് മനസ്സിലായെന്നും ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.