മന്ത്രി രാജേഷിന്റേത് നാട്ടുകാരുടെ ചോര കുടിക്കുന്ന രാക്ഷസീയത -നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: വസ്തുതകളെ തലകീഴായി മറിച്ചും വിഷം സ്രവിക്കുന്ന ഫ്രഷ് കട്ട് കമ്പനിയെ ന്യായീകരിച്ചും ജനാധിപത്യ സമരക്കാരെ കുറ്റപ്പെടുത്തിയും മന്ത്രി രാജേഷ് നിയമ സഭയിൽ നടത്തിയ വിശദീകരണം പ്രതിഷേധാർഹമാണെന്ന് സമസ്ത നേതാവും ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരസമിതി നേതാവുമായ നാസർ ഫൈസി കൂടത്തായി പറഞ്ഞു.

നാട്ടുകാരുടെ ചോര കുടിക്കുന്ന രാക്ഷസീയതയാണ് മന്ത്രിയിൽ പ്രകടമായത്. തൊഴിലാളി വർഗ്ഗ പാർട്ടി ഇത്രമേൽ ജന വിരുദ്ധവും ബൂർഷ്വാ പിന്തിരിപ്പൻ കൂട്ടാളികളുമായി മാറിയെന്നതിന് കൊടുവള്ളി, തിരുവമ്പാടി മണ്ഡലത്തിലെ 4000-ാളം കുടുംബങ്ങൾക്ക് ഇതിൽ പരം തെളിവ് മറ്റൊന്ന് വേണ്ട. പ്രതിഷേധം ഇനിയും ആഞ്ഞടിക്കുക തന്നെ ചെയ്യുമെന്നും നാസർ ഫൈസി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മന്ത്രി എം.ബി രാജേഷിന്റേത് ഫ്രഷ് കട്ട് ഉടമകളുടെ ഭാഷയെന്ന് താമരശ്ശേരി ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ഷിബു കുടുക്കിലും പ്രതികരിച്ചു. 'നിയമസഭയില്‍ ഇന്ന് മന്ത്രി പച്ചക്കള്ളമാണ് പറഞ്ഞത്. ഇരകള്‍ ഇപ്പോഴും സമരത്തിലാണുള്ളത്. ഫ്രഷ് കട്ടിന്റെ മുതലാളിയെ പോലെയാണ് ബഹുമാനപ്പെട്ട മന്ത്രി ഇന്ന് സംസാരിച്ചത്. ഇപ്പോഴും പ്രദേശത്താകെ രൂക്ഷമായ ഗന്ധം തുടരുന്നു. 150ഓളം ജനങ്ങള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടി ഒറ്റ എഫ്‌ഐആറിലേക്ക് ചുരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. അതിന് തെറ്റായ രീതിയിലാണ് മന്ത്രി മറുപടി പറഞ്ഞത്. ആറ് വര്‍ഷമായി ഞങ്ങളുടെ സമരം മാറ്റമില്ലാതെ തുടരുന്നു. പ്രശ്‌നം പരിഹരിക്കാമെന്നും മാലിന്യം 20 ടണ്‍ മാത്രമായിട്ട് ചുരുക്കാമെന്നുമെല്ലാം പറയുന്നുണെങ്കിലും ഒന്നും ഇതുവരേയും നടപ്പിലായിട്ടില്ല. അതിനിടയിലാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഫ്രഷ് കട്ട് മുതലാളിയെ പോലെ മന്ത്രി സംസാരിക്കുന്നത്'. ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി നേതാവ് ഷിബു കുടുക്കില്‍ മീഡിയവണിനോട് പറഞ്ഞു.

ഫ്രഷ് കട്ട് സംസ്‌കരണ പ്ലാന്റിലെത്തുന്ന മാലിന്യങ്ങള്‍ നിലവില്‍ 20 ടണ്‍ ആയി പരിമിതപ്പെടുത്തിയെന്നും നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കി കാര്യമായ പരാതികള്‍ക്കിടയില്ലാത്ത വിധം പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നുമായിരുന്നു മന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നത്. നവീകരണത്തിന് ശേഷം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് കാര്യമായ പുരോഗതിയുണ്ടായതായി സമരസമിതി തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സമരസമിതിയുടെ പ്രതികരണം.

നാസർ ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"ഫ്രഷ് കട്ട്: മന്ത്രിയോട് ജനം പൊറുക്കില്ല. താമരശ്ശേരി കോഴിമാലിന്യ സംസ്കരണ പ്ലാൻ്റ് ജനങ്ങൾക്ക് ദുരിതമാണ്. അതിനെതിരെ പ്രതിഷേധിച്ച 200-ാളം ആളുകളെ കള്ളക്കേസിൽപ്പെടുത്തി പോലീസ് പീഡിപ്പിക്കുന്നത് തുടരുന്നു.

ഈ വിഷയത്തിൽ താമരശ്ശേരി വന്നു പ്രതിഷേധിക്കുകയും നിരന്തരം ആഭ്യന്തരവകുപ്പിനെ ബന്ധപ്പെടുകയും ഇപ്പോൾ നിയമ സഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്ത പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിന് അഭിനന്ദനങ്ങൾ. നിരപരാധികളെ രക്ഷിക്കാനും കമ്പനി അടച്ചു പൂട്ടാനും താങ്കളുടെ ശ്രമം തുടരട്ടെ. മതരാഷ്ട്രീയഭേതമന്യേ ജനം ഈ സമരത്തിനൊപ്പമുണ്ട്.

വസ്തുതകളെ തലകീഴായി മറിച്ചും വിഷം സ്രവിക്കുന്ന കമ്പനിയെ ന്യായീകരിച്ചും ജനാധിപത്യ സമരക്കാരെ കുറ്റപ്പെടുത്തിയും മന്ത്രി രാജേഷ് നിയമ സഭയിൽ നടത്തിയ വിശദീകരണം പ്രതിഷേധാർഹമാണ്. നാട്ടുകാരുടെ ചോര കുടിക്കുന്ന രാക്ഷസീയതയാണ് മന്ത്രിയിൽ പ്രകടമായത്.

തൊഴിലാളി വർഗ്ഗ പാർട്ടി ഇത്രമേൽ ജന വിരുദ്ധവും ബൂർഷ്വാ പിന്തിരിപ്പൻ കൂട്ടാളികളുമായി മാറിയെന്നതിന് കൊടുവള്ളി, തിരുവമ്പാടി മണ്ഡലത്തിലെ 4000-ാളം കുടുംബങ്ങൾക്ക് ഇതിൽ പരം തെളിവ് മറ്റൊന്ന് വേണ്ട. പ്രതിഷേധം ഇനിയും ആഞ്ഞടിക്കുക തന്നെ ചെയ്യും."


Full View





Tags:    
News Summary - Fresh Cut; Nasser Faizi against Minister Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.