കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി കടകളിലും

തിരുവനന്തപുരം: ഉൽപന്നങ്ങൾ കൂടുതൽ കടകളിലും സൂപ്പർമാർക്കറ്റുകളിലും ലഭ്യമാക്കാൻ റീടെയിൽ വിപണന രംഗത്ത് ചുവടുറപ്പിക്കാൻ കുടുംബശ്രീ. ഇതിന് പ്രാദേശിക തലത്തിൽ വിവിധ വിതരണ ഏജൻസികൾ മുഖേന വിപണി ഉറപ്പുവരുത്താൻ ശ്രമം തുടങ്ങിയതായി മന്ത്രി എം.ബി രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഇതിന്റെ ഭാഗമായി 14 ജില്ലകളിലും പ്രധാന വിതരണ ഏജൻസികളെ കണ്ടെത്തി കുടുംബശ്രീ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി2ബി മീറ്റുകൾ സംഘടിപ്പിച്ചു. 900ൽപരം സംരംഭകരും 227 വിതരണക്കാരുമാണ് പങ്കെടുത്തത്. വിതരണ ഏജൻസികളുടെ സംസ്ഥാന സംഘടനയായ ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുക.

ഇതിന് പുറമെ ‘കെ-ഇനം’ എന്ന പുതിയ ബ്രാൻഡിലുള്ള കുടുംബശ്രീയുടെ വിഭവങ്ങളും വിപണനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിയ 184 ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയാറാക്കിയ 30 പ്രീമീയം ബ്രാൻഡ് ഭക്ഷ്യോൽപന്നങ്ങളും വിപണനത്തിന് സജ്ജമാക്കും.

സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങൾ, പോഷകാഹാര കേന്ദ്രീകൃത മിശ്രിതങ്ങൾ, സംസ്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുകയെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Kudumbashree products are now available in stores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.