കട്ടത് പാളിയല്ല, സ്വർണം; പാളികൾ പഴയത് തന്നെയെന്ന് വി.എസ്.എസ്.സി ശാസ്ത്രജ്ഞർ

തിരുവനന്തപുരം: ശബരിമലയിൽനിന്ന് വൻ തോതിൽ സ്വർണം കവർന്നതായി സ്ഥിരീകരിച്ച് വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) ശാസ്ത്രജ്ഞരുടെ മൊഴി. കട്ടിളപ്പാളികളിൽനിന്ന് സ്വർണം മോഷ്ടിച്ചുവെന്ന് ശാസ്ത്രീയ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കുമ്പോൾ പഴയ ചെമ്പ് പാളികള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും വെളിപ്പെടുത്തുന്നു.

യു.ബി ഗ്രൂപ് സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ അതേ പാളികള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അറ്റകുറ്റപ്പണിക്കുശേഷം ഈ യഥാര്‍ഥ പാളികള്‍ തന്നെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും തിരികെ എത്തിച്ചത്. എന്നാല്‍ പാളികളില്‍നിന്ന് വന്‍തോതില്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി കട്ടിളപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റൊരു പാളിയാണോ തിരികെ കൊണ്ടുവന്നതെന്ന സംശയമാണ് ഈ മൊഴിയോടെ ഇല്ലാതാകുന്നത്.

പാളികളിലുണ്ടായ രാസഘടനാ മാറ്റം പരിശോധനയിൽ വ്യക്തമാണ്. മെർക്കുറിയും അനുബന്ധ രാസലായനികളും ചേർത്തതിലെ വ്യതിയാനമാണ് പാളികൾക്കുണ്ടായ രാസഘടനാ മാറ്റത്തിന് കാരണം. സ്വർണം നഷ്ടപ്പെട്ടെങ്കിലും പാളികൾ മാറ്റി പുതിയവ വെച്ചുവെന്ന് സ്ഥിരീകരിക്കാൻ തെളിവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. അന്തിമ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഉടന്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കും.

ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വ്യത്യാസം വന്നുവെന്നാണ് വി.എസ്.എസി റിപ്പോര്‍ട്ടിലുള്ളത്. 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയിലും സ്ഥിരീകരിച്ചത്. പാളികളുടെ ഭാരത്തിൽ വ്യത്യാസം സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - Vikram Sarabhai Space Centre confirms huge gold loot from Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.