വയനാട് ദുരന്ത ബാധിതരുടെ വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കും; 555 ഗുണഭോക്താക്കളുടെ 1620 വായ്പകളിലായി 18.75 കോടി ബാധ്യത

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്ത ബാധിതരുടെ വായ്പകുടിശ്ശിക സംസ്ഥാന സർക്കാർ ഏറ്റെടുക്കും. 555 ഗുണഭോക്താക്കളുടെ 1620 വായ്പകളിലായി 18.75 കോടി (18,75,69,037.90) രൂപയാണ് കുടിശ്ശികയുള്ളത്. ഇത് മുഴുവൻ ഏറ്റെടുക്കാനാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഈ വിഷയത്തിലെ കേന്ദ്ര നിലപാട് കണ്ണില്‍ ചോരയില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിലവിൽ 2024 ജൂലൈ 30 മുതൽ വായ്പകളിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനിൽക്കുന്നുണ്ട്. ആ കാലം മുതലുള്ള പലിശ ഒഴിവാക്കാനും ദുരന്ത ബാധിതരുടെ സിബില്‍ സ്കോറില്‍ കുറവ് വരുത്താന്‍ പാടില്ലെന്ന കാര്യവും സര്‍ക്കാര്‍ ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കേരള ഹൈകോടതി തന്നെ കടുത്ത വിമർശനം കേന്ദ്ര സര്‍ക്കാറിന് നേരെ ഉയർത്തിയിട്ടുണ്ട്.

ഈ ദുരന്തത്തെ ‘Severe Disaster’ ആയി കേന്ദ്രം തന്നെ പ്രഖ്യാപിച്ചിട്ടും വായ്പ എഴുതി തള്ളാന്‍ തയാറാകാത്തത് ഭരണഘടനാപരമായ ഉത്തരവാദിത്വ ലംഘനമാണ് എന്നാണ് കോടതി തന്നെ ചൂണ്ടി കാട്ടിയത്. ദുരന്തത്തിൽ ഭൂമിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട ജനങ്ങളോട് വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെടുന്നത് മനുഷ്യത്വപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്ര സർക്കാരിനോട് Disaster Management Act-ലെ വ്യവസ്ഥ അനുസരിച്ച് വായ്പ എഴുതി തള്ളാന്‍ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ആ സെക്ഷന്‍ തന്നെ എടുത്തു കളയുന്ന ക്രൂരമായ നടപടിയാണ് സ്വീകരിച്ചത്.

ഹൈകോടതിയില്‍ സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിരുന്നുവെങ്കിലും കേന്ദ്രം ഭരണ ഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പരാമര്‍ശിച്ചിരുന്നു. ആ പ്രതീക്ഷ മൂലമാണ് ഈ തീരുമാനം വൈകാന്‍ കാരണമിടയാക്കിയതെന്നും മന്ത്രി പറഞ്ഞു. നിലവിൽ 2024 ജൂലൈ 30 മുതൽ വായ്പകളിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനിൽക്കുന്നുണ്ട്.

* പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ- 446

* ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ- 12

* കട വാടകക്ക് എടുത്ത് വ്യാപാരം നടത്തിയവർ- 20

* സ്വന്തം കെട്ടിടത്തിൽ വ്യാപാരം നടത്തിയവർ- 14

* വാണിജ്യ കെട്ടിട ഉടമകൾ (വ്യാപാരികൾ അല്ലാത്തവർ) - 2

* ഉപജീവനം നഷ്ടപ്പെട്ട തൊഴിലാളികൾ -61

Tags:    
News Summary - Wayanad disaster: Government will take over loan arrears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.