തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
അവിവാഹിതരായ 50 വയസിൽ കൂടുതൽ പ്രായമുള്ള ശമ്പളം, പെൻഷൻ, സർക്കാരിന്‍റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്ത മേൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും.
2001 മാർച്ച് 31ലെ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഇവർക്ക് ഒഴിവാക്കി നൽകും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്ത ബാധിതരുടെ വായ്പകുടിശ്ശിക സംസ്ഥാന സർക്കാർ ഏറ്റെടുക്കും. 555 ഗുണഭോക്താക്കളുടെ 1620 വായ്പകളിലായി 18.75 കോടി (18,75,69,037.90) രൂപയാണ് കുടിശ്ശികയുള്ളത്. ഇത് മുഴുവൻ ഏറ്റെടുക്കാനാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഈ വിഷയത്തിലെ കേന്ദ്ര നിലപാട് കണ്ണില്‍ ചോരയില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിലവിൽ 2024 ജൂലൈ 30 മുതൽ വായ്പകളിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനിൽക്കുന്നുണ്ട്. ആ കാലം മുതലുള്ള പലിശ ഒഴിവാക്കാനും ദുരന്ത ബാധിതരുടെ സിബില്‍ സ്കോറില്‍ കുറവ് വരുത്താന്‍ പാടില്ലെന്ന കാര്യവും സര്‍ക്കാര്‍ ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കേരള ഹൈകോടതി തന്നെ കടുത്ത വിമർശനം കേന്ദ്ര സര്‍ക്കാറിന് നേരെ ഉയർത്തിയിട്ടുണ്ട്.
ഈ ദുരന്തത്തെ ‘Severe Disaster’ ആയി കേന്ദ്രം തന്നെ പ്രഖ്യാപിച്ചിട്ടും വായ്പ എഴുതി തള്ളാന്‍ തയാറാകാത്തത് ഭരണഘടനാപരമായ ഉത്തരവാദിത്വ ലംഘനമാണ് എന്നാണ് കോടതി തന്നെ ചൂണ്ടി കാട്ടിയത്. ദുരന്തത്തിൽ ഭൂമിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട ജനങ്ങളോട് വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെടുന്നത് മനുഷ്യത്വപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്ര സർക്കാരിനോട് Disaster Management Act-ലെ വ്യവസ്ഥ അനുസരിച്ച് വായ്പ എഴുതി തള്ളാന്‍ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ആ സെക്ഷന്‍ തന്നെ എടുത്തു കളയുന്ന ക്രൂരമായ നടപടിയാണ് സ്വീകരിച്ചത്.
ഹൈകോടതിയില്‍ സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിരുന്നുവെങ്കിലും കേന്ദ്രം ഭരണ ഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പരാമര്‍ശിച്ചിരുന്നു. ആ പ്രതീക്ഷ മൂലമാണ് ഈ തീരുമാനം വൈകാന്‍ കാരണമിടയാക്കിയതെന്നും മന്ത്രി പറഞ്ഞു. നിലവിൽ 2024 ജൂലൈ 30 മുതൽ വായ്പകളിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.