തിരുവനന്തപുരം: എസ്.ഐ.ആർ ഹിയറിങ്ങിന് ഹാജരാകാന്‍ 18 ലക്ഷം പേര്‍ക്ക് അയച്ച അയച്ച നോട്ടീസ് പിന്‍വലിക്കണമെന്നും തെറ്റുകള്‍ തിരുത്താന്‍ ബി.എല്‍.ഒമാര്‍ വീട്ടിലെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫോം 7ന്‍റെ ദുരുപയോഗം തടഞ്ഞ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും അത് അംഗീകരിക്കുന്ന ബി.എല്‍.ഒമാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട പരാതികള്‍ ഉത്കണ്ഠയുണ്ടാക്കുന്ന രീതിയിലേക്കാണ് പോകുന്നത്. ലോജിക്കല്‍ ഡിസ്‌ക്രിപന്‍സി എന്ന് പറഞ്ഞ് പേരുകളിലും ഇന്‍ഷ്യലുകളിലുമുള്ള ചെറിയ അക്ഷര വ്യത്യാസങ്ങളെ തുടര്‍ന്ന് പതിനെട്ട് ലക്ഷത്തോളം പേര്‍ക്കാണ് അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്നത്. പിഴവുകള്‍ ഏറെയും സോഫ്ടുവെയറില്‍ നിന്നും വന്നതാണ്. ലോജിക്കല്‍ ഡിസ്‌ക്രിപെന്‍സിയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കമീഷന്‍ പിന്‍മാറണം.
ലോജിക്കല്‍ ഡിസ്‌ക്രിപെന്‍സിയെ തുടര്‍ന്ന് ബി.എല്‍.ഒ ആപ്പില്‍ നിന്നും പതിനെട്ടു ലക്ഷം പേര്‍ക്കാണ് ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് ജനറേറ്റ് ചെയ്തിരിക്കുന്നത്. ഈ നോട്ടീസ് പൂര്‍ണമായും പിന്‍വലിക്കാന്‍ തയാറാകണം. ബി.എല്‍.ഒമാര്‍ വീട്ടിലെത്തി അത് കറക്ട് ചെയ്യണം. തെരഞ്ഞെടുപ്പ് കമീഷന്റെ സോഫ്ട് വെയറില്‍ ഉണ്ടായ പിഴവിനെ തുടര്‍ന്നുണ്ടായ തെറ്റുകളുടെ പേരില്‍ വീണ്ടും ഹിയറിങ്ങിന് വിളിച്ച് വരുത്തരുത്. അങ്ങനെ ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സമ്മതിച്ചെങ്കിലും പലയിടങ്ങളിലും അത് നടക്കുന്നില്ല. ബി.എല്‍.ഒമാര്‍ പലയിടങ്ങളിലും അത് ചെയ്യുന്നില്ല.
അനധികൃത വോട്ട് നീക്കല്‍ എന്ന പേരില്‍ ഫോം 7ന്റെ പേരില്‍ നടത്തുന്ന ദുരുപയോഗം തടയണം. തെറ്റായ വിവരങ്ങള്‍ നല്‍കി ഫോം 7 നല്‍കുന്ന വ്യക്തികള്‍ക്കെതിരെയും പരിശോധന കൂടാതെ അത് അംഗീകരിക്കുന്ന ബി.എല്‍.ഒമാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം. നീക്കം ചെയ്യുന്ന ആളെ വിവരം അറിയിക്കാതെ പട്ടികയില്‍ നിന്നും നീക്കം ചെയ്യരുത്. മലബാറിലെ ജില്ലകളില്‍ ഇത് വളരെ കൂടുതലാണ്. എസ്.ഐ.ആര്‍ പൗരത്വ പരിശോധ കൂടി ആയതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇടപെടണം. എതിര്‍ രാഷ്ട്രീയപാര്‍ട്ടികളിലുള്ളവരെ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താക്കുന്നതിന് വേണ്ടി ഫോം 7 ദുരുപയോഗം ചെയ്യരുത്.
പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്ക് ഫോം 6ഉം ഫോം 6 എയുമാണ്. വോട്ട് നീക്കം ചെയ്യാന്‍ ഫോം 7നും തിരുത്തലുകള്‍ക്ക് ഫോം എട്ടുമാണ്. ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക ബൂത്ത് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമാക്കാനും തയാറാകണം. അടിയന്തരമായി കമീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണം. ഇന്ത്യക്ക് പുറത്ത് ജനിച്ച പൗരന്മാരായ പ്രവാസികള്‍ക്ക് ഫോം 6 എ സമര്‍പ്പിക്കുമ്പോള്‍ ജനനസ്ഥലം ചേര്‍ക്കാനുള്ള ഓപ്ഷന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും വെബ് സൈറ്റില്‍ ലഭ്യമാക്കിയിട്ടില്ല.
ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടാനും അവര്‍ക്ക് സമയം നീട്ടിക്കൊടുക്കാനും തെരഞ്ഞെടുപ്പ് കമീഷന്‍ തയാറാകണം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും കലക്ടര്‍മാക്ക് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി തെരഞ്ഞെടുപ്പ് കമീഷന്‍ സംസാരിക്കണമെന്ന് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.