പ്രതീകാത്മക ചിത്രം

ഓണത്തിന് കിറ്റ് ഉറപ്പ്; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങൾക്ക് ആശ്വാസമൊരുക്കാനും സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഇതിൽ ഓണവിപണി നടത്തിപ്പിന് 200 കോടി രൂപയും, എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിനുള്ള ഓണക്കിറ്റിനായി 53 കോടി രൂപയുമാണ് ചെലവഴിക്കുക.

ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥന പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ധനവകുപ്പ് തുക അനുവദിച്ചത്. ആവശ്യമെങ്കിൽ പിന്നീട് കൂടുതൽ തുക അനുവദിക്കാൻ സർക്കാറിനെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഓണക്കാലത്ത് സപ്ലൈകോ വഴി അവശ്യസാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുമാണ് സർക്കാർ നടപടി. ഇത്രയും വലിയ തുക ഒരുമിച്ച് ഓണവിപണിക്കായി മുമ്പ് അനുവദിച്ചിട്ടില്ലെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി. സര്‍ക്കാരിന്റെ വിപണിയിടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് പരിമിതമായ തോതിൽ പ്രത്യേക വിഭാഗങ്ങൾക്കായി നേരത്തേ, ഓണത്തിന് സഹായങ്ങൾ നൽകിയിരുന്നെങ്കിലും സംസ്ഥാന വ്യാപകമായ സൗജന്യ ഓണക്കിറ്റ് പദ്ധതി ഉണ്ടായിരുന്നില്ല. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം കോവിഡ് കാലത്താണ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തത്. ഏതാനും വർഷം ഇത് തുടർന്നു. 2022 മുതൽ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓണക്കിറ്റിന്റെ വിതരണം അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) പോലുള്ള മുൻഗണനാ വിഭാഗങ്ങളിലേക്ക് പരിമിതപ്പെടുത്തി. മറ്റു റേഷൻ കാർഡ് ഉടമകൾക്ക് സപ്ലൈകോയുടെ ഓണച്ചന്തകളിലൂടെ സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്ന രീതിയും നിലവിൽ വന്നു.

വിപണി ഇടപെടൽ ശക്തമാക്കുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ സപ്ലൈകോക്ക് 90 കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷിയെ കണ്ട് നൽകിയ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കേന്ദ്രസര്‍ക്കാര്‍ സപ്ലൈകോക്ക് നല്‍കാനുള്ളതാണ് തുക. 200 കോടി രൂപ കൂടി ഉടൻ അനുവദിക്കുമെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു. 

Tags:    
News Summary - Kerala Allocates ₹253 Crore for Supplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.