തലശ്ശേരി: അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യയുടെ മൊഴി. ഇതരബന്ധങ്ങൾക്ക് തടസം നിന്നതിനാലാണ് മൂത്തമകളെയും മാതാപിതാക്കളെയും എലിവിഷം നൽകി കൊലപ്പെടുത്തിയതെന്നാണ് സൗമ്യ മൊഴി നൽകിയത്. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയിലായതായാണ് സൂചന.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അന്ന് രാത്രി സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നൽകി. മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി.
ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇതിന്‍റെ പേരില്‍ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാന്‍ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീന്‍ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലര്‍ത്തി നല്‍കിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങള്‍ സൗമ്യ കാമുകന്മാരെ ഫോണ്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാല്‍ കുഞ്ഞിക്കണ്ണന്‍റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ അലൂമിനിയം ഫോസ്ഫൈഡിന്‍റെ അംശങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങള്‍ ബലപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.