വൈപ്പിൻ: ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ വിവരങ്ങൾ പുതുക്കാനെന്ന വ്യാജേന വാട്സ്ആപ് ഗ്രൂപ്പുകൾ വഴി നടക്കുന്ന പുതിയ സൈബർ തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ‘aadhar update.apk’ എന്ന പേരിൽ പ്രചരിക്കുന്ന വ്യാജ ആപ്ലിക്കേഷൻ ഫയലുകൾ വൈപ്പിനിലെ ചില വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടു. ഗ്രൂപ് അഡ്മിൻമാർ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി മെസേജുകൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ വെറും കൗതുകത്തിന്റെ പേരിൽ ഈ ഫയലിൽ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പിനിരയാകും.
മുമ്പ് മോട്ടോർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ സൈറ്റിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴയുണ്ടെന്ന് കാണിച്ച് വ്യാജ എ.പി.കെ ഫയലുകൾ അയച്ചിരുന്നതിന് സമാനമായാണ് ഇപ്പോൾ ബാങ്കുകളുടെ പേരിൽ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിനായി ഹാക്ക് ചെയ്യപ്പെട്ട ചില ഫോൺ നമ്പറുകൾ ഉപയോഗിച്ച്, അതിന്റെ പ്രൊഫൈൽ ചിത്രമായി ബാങ്കിന്റെ ഔദ്യോഗിക ലോഗോ നൽകി ബാങ്കിൽ നിന്നുള്ള അറിയിപ്പ് എന്ന വ്യാജേനയാണ് സന്ദേശങ്ങൾ അയക്കുന്നത്. ഔദ്യോഗിക അറിയിപ്പ് എന്ന് തെറ്റിദ്ധരിച്ച് സാധാരണക്കാരായ ആളുകൾ എളുപ്പത്തിൽ ഈ ചതിക്കുഴിയിൽ വീഴാൻ സാധ്യതയേറെയാണ്.
ഗ്രൂപ്പുകളിലോ വ്യക്തിപരമായോ ലഭിക്കുന്ന ഇത്തരം വ്യാജ ഫയലുകളിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ ഫോണിലേക്ക് ഒരു അജ്ഞാത ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആകുകയും ഫോണിന്റെ പൂർണ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലേക്ക് മാറുകയും ചെയ്യും. ഫോണിലുള്ള വ്യക്തിഗത വിവരങ്ങൾ, കോൺടാക്ടുകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ, പാസ്വേഡുകൾ എന്നിവക്കു പുറമെ ബാങ്കുകളിൽനിന്ന് വരുന്ന ഒ.ടി.പി സന്ദേശങ്ങൾ വരെ ഉപഭോക്താവ് അറിയാതെ ചോർത്തിയെടുക്കാൻ ഈ ചാര സോഫ്റ്റ്വെയറിന് കഴിയും. സമൂഹ മാധ്യമങ്ങൾ വഴി അപരിചിതർ അയച്ചുതരുന്ന ഫയലുകൾ ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യരുതെന്ന് മാധ്യമങ്ങൾ വഴി ബാങ്കുകളും പൊലീസും മുന്നറിയിപ്പ് നൽകാറുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.