ഇ.ഡി നടത്തുന്ന രാഷ്ട്രീയ നാടകം ജനം തള്ളിക്കളയും -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

ഇക്കാര്യത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് മുന്നിൽ നിയമപരമായി തോറ്റു തുന്നം പാടിയതാണ് ഇ.ഡി. കിഫ്‌ബി എന്ന സ്ഥാപനത്തിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണെന്ന കാര്യം ഇ.ഡിക്ക് ഇപ്പോഴാണോ ബോധ്യം വന്നത് എന്നത് അത്ഭുതകരമാണ്. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ട് പരാജയപ്പെടുത്തിയ ചരിത്രമാണ് നമുക്കുള്ളത്.

എപ്പോൾ തെരഞ്ഞെടുപ്പ് വരുന്നോ, അപ്പോഴൊക്കെ കേന്ദ്ര ഏജൻസികൾ ഉറക്കത്തിൽ നിന്ന് ഉണരും. ഇതൊരു സ്ഥിരം തിരക്കഥയാണ്. കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടപ്പട്ടികളായി ഇ.ഡി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇപ്പോൾ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് എൽ.ഡി.എഫ് സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇ.ഡിയുടെ രാഷ്ട്രീയ താൽപര്യം ഇതിൽ നിന്ന് വളരെ വ്യക്തമാണ്.

കേരളത്തിന്റെ വികസന നട്ടെല്ലായ കിഫ്‌.ബിയെ തകർക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കെൽപ്പുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങുന്നവരല്ല കേരളത്തിലെ കമ്യൂണിസ്റ്റുകാർ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - People will reject the political drama being played by ED - Minister V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.