തിരുവനന്തപുരം: പീരുമേട് എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം പി.ടി.പി നഗറിൽ നടന്ന റവന്യൂ അസംബ്ലിയിൽ ഇടുക്കിയുടെ വിവിധ പ്രശ്നങ്ങൾ അവതരിപ്പിച്ച അദ്ദേഹം ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്‍റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് ജനനം. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം ഇടുക്കിയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പോരാടി.
ഇടുക്കി ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ, കേരള സ്റ്റേറ്റ് പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റും ദേശീയ പ്രവർത്തക സമിതി അംഗവും പീരുമേട് ഹൈറേഞ്ച് എംപ്ലോയീസ് ലേബർ യൂനിയൻ (എച്ച്.ഇ.എൽ) പ്രസിഡന്റുമാണ്.
1,835 വോട്ടിന് യു.ഡി.എഫ് സ്ഥാനാഥി അഡ്വ. സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് പീരുമേട് എം.എൽ.എയായത്. നിയമസഭക്കകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ എന്നും മുന്നിൽ നിന്ന നേതാവാണ്. സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫിസായ എം.എൻ. സ്മാരകത്തിൽ രാത്രിയോടെ പൊതുദർശനത്തിനുവെച്ച ഭൗതിക ശരീരത്തിൽ മന്ത്രിമാരും നേതാക്കളുമടക്കം നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകീട്ട് നാലിന് വാളാർഡിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ സോമൻ (മാതൃഭൂമി, കോഴിക്കോട്), അഡ്വ. സോബിത്ത് സോമൻ. മരുമകൾ: പൂജിത.
പീരുമേട് എം.എൽ.എ വാഴൂർ സോമന്‍റെ ആകസ്മിക വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന അദ്ദേഹം ജനകീയനായ നിയമസഭ സാമാജികനും സി.പി.ഐയുടെ പ്രധാന നേതാവുമായിരുന്നു. നിയമസഭക്ക് അകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിന്‍റെ രീതി മാതൃകാപരമാണ്. തൊഴിലാളി നേതാവ് എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമൻ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് സി.പി.ഐയുടെയും എ.ഐ.ടി.യു.സിയുടെയും നേതൃനിരയിലേക്ക് വളര്‍ന്നുവന്ന നേതാവായിരുന്നു വാഴൂര്‍ സോമന്‍. നിയമസഭാംഗം എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.