ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിനെ പ്രതി ചേർത്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സർക്കാർ

കൊച്ചി: വിദേശിയും സ്വന്തം കക്ഷിയുമായ പ്രതിയെ രക്ഷപ്പെടുത്താൻ കോടതിയിലിരുന്ന തൊണ്ടി മുതൽ തിരിമറി നടത്തിയെന്ന കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെ പ്രതി ചേർത്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കി ഹൈകോടതിയിൽ സർക്കാറിന്‍റെ റിപ്പോർട്ട്. കോടതി നിർദേശിച്ച പുനഃരന്വേഷണത്തിൽ സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി ശേഖരിച്ചാണ് പ്രതി ചേർത്തതെന്നും സർക്കാറിന് വേണ്ടി വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. കേസിൽ കുറ്റക്കാരനാണെന്ന വിചാരണ കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്‍റെ ഹരജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വിശദീകരണം.

കുറ്റക്കാരനായി കണ്ടെത്തിയതോടെ എം.എൽ.എ അല്ലാതായതും വീണ്ടും മത്സരിക്കാൻ വിലക്കുള്ളതും ചൂണ്ടിക്കാട്ടിയാണ് വിധി സ്റ്റേ ചെയ്യാൻ ഹരജി നൽകിയിരിക്കുന്നത്. കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം തടവിനാണ് ആന്‍റണി രാജുവിനെ ശിക്ഷിച്ചത്. തന്നെ കേസിൽ പ്രതി ചേർത്തത് രാഷ്ട്രീയ ജീവിതം തകർക്കാനാണെന്ന ഹരജിക്കാരന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വിശദീകരണത്തിൽ പറയുന്നു.

കോടതിയിലെ ക്ലർക്കായിരുന്ന ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്. യാതൊരു കോടതി ഉത്തരവുമില്ലാതെയാണ് ഒന്നാം പ്രതി രണ്ടാം പ്രതിക്ക് തൊണ്ടിമുതലായ അടിവസ്ത്രം കൈമാറിയത്. ആന്റണി രാജുവിന്റെ കൈവശമിരുന്ന സമയത്താണ് തൊണ്ടിമുതലിൽ കൃത്രിമം നടന്നതെന്ന് പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിക്കാനായി കോടതി ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു ഈ പ്രവൃത്തി. ഹരജിക്കാരൻ ജനപ്രതിനിധിയാകുന്നതിന് മുമ്പ് അഭിഭാഷകനായിരിക്കെയാണ് ഈ കുറ്റകൃത്യം ചെയ്തതതെന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്നും വിശദീകരണ പത്രികയിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - Antony Raju was named as an accused based on strong evidence, says government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.