തിരുവനന്തപുരം: സര്‍ക്കാര്‍ സർവിസില്‍ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനുള്ള മാനദണ്ഡങ്ങൾ ഏറെ ഉദാരമാക്കാൻ മന്ത്രിസഭായോഗ തീരുമാനം. കൂടുതൽ മത്സരങ്ങൾ നിയമന യോഗ്യതയായി ചേർക്കാനും ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലായവരെ പൂർണമായും ഒഴിവാക്കുന്നതിൽ മാറ്റംവരുത്താനും തീരുമാനിച്ചു.
ഇഷ്ടക്കാരെ പൊലീസ് സേനയിൽ ഉൾപ്പെടെ നിയമിക്കാൻ പ്രത്യേക പരീക്ഷയും മറ്റും നടത്താൻ നീക്കമുണ്ടെന്ന ആക്ഷേപം നിലനിൽക്കെയാണ് സ്പോർട്സ് ക്വാട്ട നിയമനം ഉദാരമാക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള 2020-’24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാനും തീരുമാനിച്ചു.
ഇതിനൊപ്പം നിയമന നടപടികള്‍ കാലോചിതമായി പരിഷ്കരിച്ചാണ് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ മത്സരങ്ങള്‍ നിയമനത്തിനുള്ള യോഗ്യതയായി ചേർക്കും. അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ടു രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂനിവേഴ്സിറ്റി ഗെയിംസ് എന്നിവകൂടി പരിഗണിക്കാന്‍ തീരുമാനിച്ചു. ഇത് കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കും.
ഉത്തേജക മരുന്ന് വിവാദത്തില്‍ ഉള്‍പ്പെടുന്നവരെ പൂര്‍ണമായും ഈ നിയമനത്തില്‍നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. പകരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന മത്സരവും ശിക്ഷാകാലയളവും മാത്രമാകും നിയമന അയോഗ്യതയായി കണക്കാക്കുക. മറ്റുനേട്ടങ്ങള്‍ നിയമനത്തിന് പരിഗണിക്കും.
സ്പോര്‍ട്സ് ക്വാട്ട പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 500 പേര്‍ക്ക് സര്‍ക്കാര്‍ സർവിസില്‍ നിയമനം നല്കി. ഇതിനുപുറമെ പ്രത്യേക പരിഗണനയിലും കെ.എസ്.ഇ.ബി, കേരള പൊലീസ് എന്നിവിടങ്ങളിലുമായി 500 പേര്‍ക്കും ജോലി നല്‍കിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.