പി.ആർ.ഡി പ്രവർത്തിക്കുന്നത് എ.കെ.ജി സെന്ററിൽ, സർക്കാരിനെ വെളുപ്പിക്കാൻ നികുതിപ്പണം ധൂർത്തടിക്കുന്നു -രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പച്ചയായ രാഷ്ട്രീയം കളിക്കുകയാണെന്നും പി.ആർ.ഡി ഇപ്പോൾ പ്രവർത്തിക്കുന്നത് എ.കെ.ജി സെന്ററിലാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചാരണ വിഭാഗമായി പി.ആർ.ഡി തരംതാഴ്ന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നഗ്നമായ അധികാര ദുർവിനിയോഗമാണ് നടക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ നേട്ടങ്ങളെ തമസ്കരിക്കാനും കള്ളക്കഥകൾ പ്രചരിപ്പിക്കാനുമാണ് കോടിക്കണക്കിന് രൂപ മുടക്കി പി.ആർ.ഡി ഇപ്പോൾ പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളോട് പറയാനില്ലാത്തതുകൊണ്ടാണ് പത്തുവർഷം മുമ്പത്തെ കാര്യങ്ങൾ പറഞ്ഞ് നുണപ്രചാരണം നടത്തുന്നത്. ഈ പരസ്യങ്ങൾ തയാറാക്കി നൽകുന്നത് ദേശാഭിമാനിയാണ്. സ്പോൺസേഡ് ആണെന്നോ, പി.ആർ.ഡിയുടെ പരസ്യമാണെന്നോ വ്യക്തമാക്കാതെ വാർത്തയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ഇത് നൽകിയിരിക്കുന്നത്. പി.ആർ.ഡി ഡയറക്ടർ വിനീത വിധേയനായി എ.കെ.ജി സെന്ററിലെ ദാസ്യവേല ചെയ്യുന്നു. ഈ നിയമവിരുദ്ധ നടപടിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ഭാവിയിൽ ഇതിന് മറുപടി പറയേണ്ടി വരും. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. അതേസമയം, സർക്കാരിന്റെ ഈ പരസ്യം പ്രസിദ്ധീകരിക്കാൻ തയാറാവാത്ത മാധ്യമങ്ങളുടെ ധാർമികതയെ അഭിനന്ദിക്കുന്നു.

63 വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന, അഴിമതിയില്ലാത്തതും ജനസമ്മതനുമായ ജി. സുധാകരനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ജി. സുധാകരനെതിരെ പ്രതിപക്ഷം പോലും ഇന്നുവരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യനായ വ്യക്തിയാണ്. 63 വർഷം പാർട്ടിയിൽ പ്രവർത്തിച്ചു. സ്വന്തം കുടുംബത്തിൽ ഒരു രക്തസാക്ഷി വരെയുണ്ട്. ആ കുടുംബത്തിൽപ്പെട്ട അദ്ദേഹത്തെ പാർട്ടി സെക്രട്ടറി അവഹേളിച്ച നടപടി ഒരിക്കലും ശരിയല്ല.

സുധാകരനുമായി യു.ഡി.എഫ് ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലാണ്. പ്രതികളെ സംരക്ഷിക്കാൻ ബോധപൂർവമായ നീക്കമാണ് നടന്നത്. കൃത്യസമയത്ത് കുറ്റപത്രം നൽകാത്തതാണ് പ്രതികൾക്ക് തുണയായത്. പി.കെ. ശശിയെ സംബന്ധിച്ച് അദ്ദേഹം ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - PRD is working at the AKG Center, wasting tax money to whitewash the government - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.