തിരുവനന്തപുരം എ.കെ.ജി സെന്‍ററിൽ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് മടങ്ങുന്ന കേന്ദ്രകമ്മറ്റി അംഗം കെ.കെ. ശൈലജ
തിരുവനന്തപുരം: പി. സരിന്‍റെ പേരില്ലാതെയും പാലക്കാട് സീറ്റ് ഒഴിച്ചിട്ടും സി.പി.എം സ്ഥാനാർഥി പട്ടിക. സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾക്ക് വലിയ ഭേദഗതികളില്ലാതെ വ്യാഴാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. കനത്ത ത്രികോണപ്പോര് നടക്കുന്ന പാലക്കാട്ട് എതിർ സ്ഥാനാർഥികളാരെന്ന് മനസ്സിലാക്കി സ്ഥാനാർഥിയെ നിശ്ചയിക്കാനാണ് തീരുമാനം.
പി. സരിന്‍റെ പേരാണ് തുടക്കംമുതൽ കേട്ടതെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങളാണ് പിൻവലിയലിന് കാരണം. രണ്ടുവട്ടം ജില്ല കമ്മിറ്റിയുടെ പരിശോധനക്കും ശിപാർശകൾക്കും വിധേയമായ പട്ടികയാണ് സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും പരിശോധിച്ചത്. ഈ പട്ടിക ഇനി ജില്ല ഘടകങ്ങളിലേക്ക് അയക്കും. മിക്കവാറും ജില്ലകളിൽ വെള്ളിയാഴ്ച രാവിലെ സെക്രട്ടേറിയറ്റും ഉച്ചക്കു ശേഷം ജില്ല കമ്മിറ്റിയും ചേരുന്നുണ്ട്. തുടർന്ന് മണ്ഡലംതല പരിശോധനകൂടി പൂർത്തിയാക്കിയ ശേഷമാണ് പട്ടിക അന്തിമാക്കുക.
മുഖ്യമന്ത്രിയടക്കം സി.പി.എമ്മിന്‍റെ 10 മന്ത്രിമാരും മത്സര രംഗത്തുണ്ടാകും. കെ.കെ. ശൈലജയെ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് മാറ്റിയതിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തിലും കാര്യമായ എതിർപ്പുകൾ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉണ്ടായില്ല.
2021ൽ 11 പൊതുസ്വതന്ത്രരെയാണ് സി.പി.എം സീറ്റിൽ മത്സരിപ്പിച്ചത്. ഇത്തവണ പൊതുസ്വതന്ത്രരായി ഒമ്പതുപേരാണുള്ളത്. ഇവർ ആരൊക്കെയെന്നതിൽ തീരുമാനമായിട്ടില്ല. മങ്കട, നിലമ്പൂർ, പെരിന്തൽമണ്ണ സീറ്റുകളിൽ പൊതുസ്വതന്ത്രരായിരിക്കും. എതിർ സ്ഥാനാർഥികൾകനുസരിച്ച് ആവശ്യമെങ്കിൽ പാലക്കാട്ടും സ്വതന്ത്ര പരീക്ഷണമായേക്കും. എം.എം. മണിയെ ഉടുമ്പൻചോലയിൽ മത്സരിപ്പിക്കേണ്ടെന്ന സെക്രട്ടറിയേറ്റ് തീരുമാനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ തിരുത്തുണ്ടായില്ല. എം. സ്വരാജും മത്സരത്തിനില്ല.
അതേസമയം, കുന്നംകുളത്ത് എ.സി. മൊയ്തീൻ സ്ഥാനാർഥിയാകും. സി. രവീന്ദ്രനാഥും മത്സരിക്കും. തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണന്‍റെ പേരാണുള്ളത്. എം. സ്വരാജി പേര് ഉയർന്ന പൊന്നാനിയിൽ പി.എസ്.സി മുൻ ചെയർമാൻ സക്കീർ ഹുസൈൻ സ്ഥാനാർഥിയാകും. മട്ടന്നൂരിൽ വി.കെ. സനോജും തലശ്ശേരിയിൽ കാരായി രാജനും മത്സരിക്കും. മാനന്തവാടിയിൽ ഒ.ആർ. കേളു തുടരും. മത്സരിക്കാനില്ലെന്ന് പറഞ്ഞെങ്കിലും തവനൂരിൽ കെ.ടി. ജലീൽതന്നെയാണ് പരിഗണനയിൽ. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസും പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനും മത്സരിക്കും. കൊല്ലത്ത് എസ്. ജയമോഹന്‍റെയും കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലിന്റെയും പേരാണുള്ളത്. തിരുവനന്തപുരത്ത് 10 സിറ്റിങ് എം.എൽ.എമാരും രംഗത്തുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.