‘വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും’.. എന്ന സിനിമാപ്പാട്ടുപോലെയാണ് കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലെ ട്രെയിൻ യാത്രക്കാരുടെ അവസ്ഥ. ഒരു ട്രെയിൻ പോയി മറ്റൊന്ന് സ്റ്റേഷനിലെത്തണമെങ്കിൽ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം. അതും മണിക്കൂറുകൾ. കണ്ണൂരിൽനിന്ന് രാവിലെ 9.35ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഏറനാട് എക്സ്പ്രസിനുശേഷം തെക്കോട്ട് യാത്ര ചെയ്യണമെങ്കിൽ രണ്ടര മണിക്കൂറോളം കാത്തിരുന്ന് 11.55ന് കോയമ്പത്തൂർ എക്സ്പ്രസിൽ കയറിപ്പറ്റണം.
ഉച്ചക്ക് ഒന്നിന് കോയമ്പത്തൂർ ഇന്റർസിറ്റി പോയാൽ വീണ്ടും രണ്ടുമണിക്കൂറോളം കാത്തിരുന്ന് 2.50ന് അടുത്ത ഇന്റർസിറ്റിക്ക് മാത്രമേ കോഴിക്കോട് യാത്ര തരപ്പെടൂ. രാവിലെ കോഴിക്കോടുനിന്നും കണ്ണൂർ ഭാഗത്തേക്കും സമാന അവസ്ഥയാണ്. 9.50ന് കണ്ണൂർ ഇന്റർസിറ്റിക്കുശേഷം 12.35ന് ഏറനാട് എക്സ്പ്രസ് വരെ കാത്തിരിക്കണം. മിക്ക ദിവസങ്ങളിലും അര മണിക്കൂർ മുതൽ രണ്ടുമണിക്കൂർ വരെ വൈകിയാവും വണ്ടിയെത്തുക. ഉച്ചക്ക് 2.45ന് മംഗളൂരു സെൻട്രൽ എക്സ്പ്രസിനുശേഷം കണ്ണൂരു പിടിക്കാൻ വൈകീട്ട് അഞ്ചിന് പരശുറാമെത്തണം.
ഇതിനിടയിൽ ആഴ്ചയിൽ ഓടുന്ന ചില വണ്ടികൾ ഉണ്ടെങ്കിലും കൃത്യസമയം പാലിക്കില്ല. വൈകീട്ട് 6.15ന് കണ്ണൂർ എക്സ്പ്രസ് വിട്ടുപോയാൽ വടക്കോട്ട് പിന്നെ രാത്രിയാത്രയില്ലെന്ന അവസ്ഥയാണ്. രാത്രി 9.32ന് കോഴിക്കോട് എത്തുന്ന കണ്ണൂർ എക്സിക്യൂട്ടിവ് അഞ്ച് സ്റ്റേഷനുകൾ പിന്നിട്ട് കണ്ണൂരിലെത്തുമ്പോഴേക്കും പാതിരാത്രിയാവും. 9.25ന് കോഴിക്കോട് നിന്നും പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാനായി പിടിച്ചിടുന്ന എക്സിക്യൂട്ടിവ് യാത്ര ആർക്കും മടുത്തുപോകും. എക്സിക്യൂട്ടിവ് കഴിഞ്ഞാൽ 1.15ന്റെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസാണ് ആശ്രയം. രാത്രി കണ്ണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർക്ക് 8.55ന് മലബാർ എക്സ്പ്രസ് വിട്ടുപോയാൽ പുലർച്ച 1.45ന് വെസ്റ്റ്കോസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.
കണ്ണൂരിൽനിന്ന് കാസർകോട് ഭാഗത്തേക്കും വലിയ യാത്രാദുരിതമാണ്. രാത്രി 6.40ന് കണ്ണൂരിൽനിന്ന് നേത്രാവതിക്കുശേഷം പുലർച്ച 2.40ന് വെസ്റ്റ് കോസ്റ്റ് വരെ ഉത്തരദേശത്തേക്ക് വേറെ വണ്ടിയില്ല. എട്ട് മണിക്കൂർ കാത്തിരുന്നുവേണം റെയിൽ മാർഗം വടക്കോട്ടുപോകാൻ. രാവിലെ 10.45ന് മംഗളൂരു ഇന്റർസിറ്റിക്കുശേഷം 2.15ന് ഏറനാട് വരെ കാക്കണം. കാസർകോടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് രാവിലെ 10ന് കോയമ്പത്തൂർ എക്സ്പ്രസിനുശേഷം 11.45ന് കോയമ്പത്തൂർ ഇന്റർസിറ്റിവരെ കാത്തിരിക്കണം. അതിനുശേഷം 2.45ന് ചെന്നൈ മെയിലും 3.05ന് തിരുവനന്തപുരം എക്സ്പ്രസുമെത്തണം. രാത്രി 7.10ന് മലബാർ സ്റ്റേഷൻ വിട്ടാൽ തെക്കോട്ടുപോകാൻ പുലർച്ച 12.25ന് വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റിന് കയറണം.
സന്ധ്യ കഴിഞ്ഞാല്‍ കോഴിക്കോട്ടുനിന്ന് വടക്കോട്ടുള്ള ട്രെയിൻ യാത്രയെക്കുറിച്ച് ആലോചിക്കുന്നത് തന്നെ ഭീതിദമാണ്. വന്ദേഭാരതിന്റെ വരവോടെ പ്രതിസന്ധി വർധിച്ചു. രണ്ട് ട്രെയിനുകള്‍ തമ്മിൽ മൂന്നും നാലും മണിക്കൂറാണ് ഇടവേള. വൈകീട്ട് 6.15ന് കോയമ്പത്തൂരില്‍നിന്ന് കണ്ണൂരിലേക്കുള്ള മെമു എക്സ്പ്രസ് പോയാല്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റ് ഉള്ളതും ദിവസേന സര്‍വിസ് നടത്തുന്നതുമായ ഒറ്റ ട്രെയിനാണ് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുള്ളത്- മൂന്നേകാല്‍ മണിക്കൂറിനുശേഷം 9.32ന് കോഴിക്കോട്ടെത്തുന്ന കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ്.
നാലേകാലിന് സ്റ്റേഷനിലെത്തി അഞ്ചിന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസില്‍ കാലുകുത്താൻ ഇടമുണ്ടാകാറില്ല. 5.10ന് കോഴിക്കോട്ടെത്തുന്ന നേത്രാവതി എക്സ്പ്രസിന് ആകെ രണ്ട് ജനറല്‍ കമ്പാര്‍ട്ട്മെന്റ് മാത്രമാണുള്ളതെന്നതും നിത്യേന യാത്ര ചെയ്യുന്ന വിദ്യാർഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ദുരനുഭവമാണ് നല്‍കുന്നത്. രാത്രി 9.32ന് എത്തേണ്ട കണ്ണൂര്‍ എക്സ്ക്യൂട്ടിവ് എക്സ്പ്രസിന് പലപ്പോഴും കൃത്യസമയം പാലിക്കാന്‍ പറ്റാറില്ല. രണ്ടാം വന്ദേഭാരത് വന്നതോടെ കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് പിടിച്ചിടുന്നത് പതിവായി. 9.30ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വന്ദേഭാരതിന് വേണ്ടി എക്സിക്യൂട്ടിവ് എക്സ്പ്രസ് ഫറോക്കിലും പരപ്പനങ്ങാടിയിലും ഏറെനേരമാണ് പിടിച്ചിടുന്നത്. അതോടെ 6.15ന് ശേഷമുള്ള ജനങ്ങളുടെ കാത്തിരിപ്പ് നാല് മണിക്കൂറോളമാണ് നീളുന്നത്. രാവിലെയുള്ള സ്ഥിതിയും മറിച്ചല്ല.
7.10ന് കണ്ണൂരില്‍ നിന്നെടുക്കുന്ന പരശുരാം എക്സ്പ്രസിനും വന്ദേഭാരത് വില്ലനാവുകയാണ്. വന്ദേഭാരതിനുവേണ്ടി പലയിടങ്ങളിലും പിടിച്ചിടുന്ന ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി 9.30ഓടെയാണ് കോഴിക്കോട്ടെത്തുന്നത്. തെക്കോട്ടും സ്ഥിതി വ്യത്യസ്തമല്ല. 8.55ന് തുരന്തോ പുറപ്പെട്ടാല്‍ രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിനുള്ളത്. അതുകഴിഞ്ഞാല്‍ വലിയ ഇടവേളയില്ലാതെ മൂന്ന് വണ്ടികളുണ്ട്. പിന്നീട് ട്രെയിന്‍ കിട്ടണമെങ്കില്‍ വീണ്ടും രണ്ടര മണിക്കൂര്‍ കാത്തിരിക്കണം.
മലബാറിലെ പ്രധാന റെയിൽവേ സ്റ്റേഷനായ കോഴിക്കോട്ട് പിറ്റ് ലൈൻ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. നിരന്തര ആവശ്യങ്ങൾക്കൊടുവിൽ 2018ൽ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ റെയിൽവേ അധികൃതർ പരിശോധന നടത്തിയിരുന്നു. എന്നാൽ, പ്രാദേശികമായ ചില എതിർപ്പുകൾ ഉയർന്നതോടെ അത് മുടങ്ങി. മാത്രമല്ല, പിറ്റ് ലൈന്റെ ആവശ്യകത മനസ്സിലാക്കി അത് നേടിയെടുക്കാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വത്തിന് ഇല്ലാത്തതും തിരിച്ചടിയായി.
കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് മണിക്കൂറുകൾ വിശ്രമിക്കുന്ന മിക്ക ട്രെയിനുകളും തൊട്ടടുത്ത പ്രധാന സ്റ്റേഷനുകളിലേക്ക് സർവിസ് നീട്ടിയാൽ വടക്കെ മലബാറിന്റെ യാത്രാക്ലേശം ഒരു പരിധിവരെ പരിഹരിക്കാം. കണ്ണൂർ- മംഗളൂരു-സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ്, കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ എക്സ്പ്രസ്, ഷൊർണൂർ മെമു തുടങ്ങിയ വണ്ടികൾ കാസർകോട്, കോഴിക്കോട് സ്റ്റേഷനുകളിലേക്ക് നീട്ടണമെന്നത് ഏറെനാളത്തെ ആവശ്യമാണ്.
കണ്ണൂർ- മംഗളൂരു- സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ് (16512/11) കോഴിക്കോട് വരെ നീട്ടാനുള്ള നിർദേശത്തിന് ഇന്ത്യൻ റെയിൽവേ ടൈംടേബിൾ കമ്മിറ്റി അംഗീകാരം നൽകിയെങ്കിലും നടപടിയായില്ല. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നും ബംഗളൂരുവിലേക്കുള്ള യാത്രാദുരിതം കുറക്കുന്ന തീരുമാനം നടപ്പാക്കാത്തതിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.