തൃശൂർ: വാളയാറിൽ ബി.ജെ.പിക്കാർ അടങ്ങുന്ന സംഘം വളഞ്ഞിട്ട് മർദിച്ചു കൊലപ്പെടുത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭയ്യാലിന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നതായി മന്ത്രി കെ. രാജൻ അറിയിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂരിൽ രാംനാരായണന്റെ കുടുംബവുമായും ആക്ഷൻ കമ്മിറ്റിയുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഉറപ്പ് ലഭിച്ച സാഹചര്യത്തിൽ മൃതദേഹം ഏറ്റുവാങ്ങുമെന്ന് കുടുംബം അറിയിച്ചു.
‘ചർച്ചയിൽ 10 ലക്ഷം രൂപയിൽ കുറയാത്ത സഹായം വേണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു. അവരുടെ കൈയിൽ തന്നെ പണം സർക്കാർ എത്തിക്കും. മന്ത്രിസഭയാണ് ഇത് തീരുമാനിക്കേണ്ടത് എന്നതുകൊണ്ടാണ് ഔദ്യോഗിക പ്രഖ്യാപനം നടത്താത്തത്. എങ്കിലും അവർ ഉന്നയിച്ച കാര്യങ്ങളിൽ കുറവ് വരാത്ത വിധം ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ആൾക്കൂട്ടക്കൊല ഇനി ആവർത്തിക്കാത്ത വിധം കർശന നടപടി എടുക്കുമെന്നും അവരെ അറിയിച്ചിട്ടുണ്ട്’ -മന്ത്രി രാജൻ പറഞ്ഞു.
കേസിൽ ആൾക്കൂട്ട കൊലപാതകത്തിന്റെ വകുപ്പും, എസ്.സി./എസ്.ടി അട്രോസിറ്റീസ് വകുപ്പുകളും ചേർക്കും. തഹസീൻ പൂനാവാല കേസിൽ പറയുന്നതുപോലുള്ള ചട്ടങ്ങൾ പാലിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വം നൽകും. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ക്യാബിനറ്റ് എടുത്ത ശേഷം നടപ്പിലാക്കും. മൃതദേഹം എത്രയും പെട്ടെന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനമാർഗ്ഗം ഇതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കും. ബംഗ്ലാദേശി എന്ന് വിളിച്ചുള്ള ആക്രമണം വംശീയമായ അധിക്ഷേപത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും എസ്.ഐ.ടി ഇത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുമായുള്ള ചർച്ച പോസിറ്റീവായിരുന്നുവെന്നും സമരം അവസാനിപ്പിക്കുകയാണെന്നും ആക്ഷൻ കമ്മിറ്റി പ്രതിനിധി പറഞ്ഞു. നിലവിൽ എഫ്.ഐ.ആറിൽ കേവലം കൊലപാതകക്കുറ്റം മാത്രമാണ് ചേർത്തത്. ആൾക്കൂട്ടക്കൊലയുടെ (Mob Lynching) നിയമവശങ്ങൾ ഉൾപ്പെടുത്തണം. തഹസീൻ പൂനാവാല വിധിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എഫ്.ഐ.ആറിൽ രേഖപ്പെടുത്തണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.