മുണ്ടൂർ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുട്ടിക്കുളങ്ങരക്കടുത്ത് പന്നിയംപാടത്ത് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് മൂന്നംഗ സംഘം ഡ്രൈവറെ ക്രൂരമായി മർദിച്ചു. മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബൂബക്കറിനാണ് (43) മർദനമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. സംഭവത്തിൽ പാലക്കാട് എലപ്പുള്ളി പാറ സ്വദേശികളായ അനീഷ് (28), സഹോദരങ്ങളായ തേനാരി കാക്കതോട് ദിലീപ് (24), ദിനേശ് (23) എന്നിവർ അറസ്റ്റിലായി.
പാലക്കാടുനിന്ന് കോഴിക്കോട്ടേക്ക് സർവിസ് നടത്തുന്ന ബസിലെ ഡ്രൈവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. തച്ചമ്പാറയിൽനിന്ന് വിവാഹനിശ്ചയം കഴിഞ്ഞ് എലപ്പുള്ളി ഭാഗത്തേക്ക് വരുന്ന കാറിൽ കെ.എസ്.ആർ.ടി.സി ബസ് ഉരസിയിരുന്നതായി ആരോപിച്ചാണ് ഡ്രൈവറെ മർദിച്ചത്. ടാറ്റാ സുമോ കാറിൽ എത്തിയ സംഘം ബസിന് മുന്നിൽ വട്ടംകറക്കി നിർത്തിയിടുകയായിരുന്നെന്നും അക്രമികൾ മദ്യലഹരിയിലായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു.
മുട്ടിക്കുളങ്ങരയിലെത്തിയപ്പോൾ മുണ്ടൂർ ഭാഗത്തുനിന്ന് വന്ന ലോറിയിൽനിന്ന് പുകപടലങ്ങൾ ഉയർന്നപ്പോൾ ബസ് കുറച്ചുസമയം നിർത്തിയിട്ടിരുന്നു. സംഭവത്തെ തുടർന്ന് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.നാട്ടുകാരും ബസ് കണ്ടക്ടർ പ്രദീപും ചേർന്നാണ് അക്രമികളെ പൊലീസിൽ ഏൽപിച്ചത്. ഹേമാംബിക നഗർ സി.ഐ സി. പ്രേമാനന്ദ് കൃഷ്ണനും സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
മർദനമേറ്റ ഡ്രൈവറെ ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ മൊഴിയെടുത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡ്രൈവറെ തടഞ്ഞുവെച്ച് ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതികൾ ഡ്രൈവറെ ക്രൂരമായി മർദിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.