പാലക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർസോണിലൂടെ കടന്നുപോകുന്ന നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്കുള്ള അന്തിമ അനുമതി ദേശീയ വന്യജീവി ബോർഡ് തടഞ്ഞു. മേഖലക്കു ചുറ്റുമുള്ള പാരിസ്ഥിതികാഘാത മേഖല സംബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ വിജ്ഞാപനം വരുംവരെ അനുമതി തടഞ്ഞതായാണ് സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്. പാരിസ്ഥിതികാഘാത മേഖല സംബന്ധിച്ച് ഇനിയും നടപടികൾ പൂർത്തീകരിക്കാനുണ്ടെന്നു പറഞ്ഞ വന്യജീവി ബോർഡ് വിജ്ഞാപനം സംബന്ധിച്ച പൂർണ റിപ്പോർട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടു.
എൻ.എച്ച്. 544നെയും എൻ.എച്ച് 66നെയും ബന്ധിപ്പിച്ചുള്ള ഗ്രീൻ ഫീൽഡ് ഹൈവേ എന്ന നിയന്ത്രിത പ്രവേശന നാലുവരിപ്പാതയുടെ ദൈർഘ്യം 120.84 കിലോമീറ്ററാണ്. സൈലന്റ് വാലിയിൽ ആറുവരി നിർമാണത്തിന് 134 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സൈലൻറ് വാലി ദേശീയോദ്യാനത്തിന് 10 കിലോമീറ്റർ ചുറ്റളവിലൂടെ 2.687 കിലോമീറ്റർ ദൂരത്തിലാണ് പാത കടന്നുപോകുന്നത്. ദേശീയോദ്യാനത്തോടു ചേർന്ന ബഫർസോണിലെ 2380 മരങ്ങൾ പാതക്കായി മുറിക്കേണ്ടിവരുമെന്ന് പദ്ധതിരേഖയിലുണ്ട്. വനവിസ്തൃതിയിലെ 9.529 ഹെക്ടർ വനത്തെയാണ് പാത ബാധിക്കുക. പദ്ധതിയിലെ 1.66 ശതമാനം റോഡാണ് ഈ മേഖലയിലൂടെ പോവുക.
ആന, കാട്ടുപന്നി, പുള്ളിപ്പുലി, മയിൽ എന്നിവ കാണപ്പെടുന്ന മേഖലയിലൂടെയാണിത്. ആനകളുടെയും മറ്റു വന്യജീവികളുടെയും ഇടനാഴിയും മേഖലയിലുണ്ട്. പരിസ്ഥിതിലോല മേഖലക്കടുത്തുള്ള ഭാഗത്തെ 10 കിലോമീറ്ററോളം ദൂരം 10 മീറ്ററെങ്കിലും ഉയരത്തിൽ എലിവേറ്റഡ് റോഡായി നിർമിക്കണമെന്ന് വിദഗ്ധ സമിതി നിർദേശിച്ചിരുന്നു. വനമേഖലയിലെ 2380 മരങ്ങൾ പാതക്കായി വെട്ടുമ്പോൾ ഓരോന്നിനും പകരം പത്തു മരം എന്ന നിരക്കിൽ വനംവകുപ്പ് നടാനും പദ്ധതിരേഖയിൽ നിർദേശിച്ചിട്ടുണ്ട്. വനമേഖലയിൽ പാതയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം സംബന്ധിച്ച് സുവോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പഠനം നടത്തിയിട്ടുണ്ട്. മേഖലയിലെ പാരിസ്ഥിതികാഘാത ലഘൂകരണ നടപടികൾക്കായി 88 കോടി നീക്കിവെക്കാൻ പദ്ധതിരേഖ നിർദേശിച്ചിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാത യാഥാർഥ്യമാകുന്നതോടെ യാത്രാസമയം നാലു മണിക്കൂറിൽനിന്ന് ഒന്നര മണിക്കൂറായി ചുരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.