പത്മനാഭസ്വാമി ക്ഷേത്രം
കൊച്ചി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലബിംബത്തിന്റെയടക്കം അറ്റകുറ്റപ്പണി ഇനിയും വൈകരുതെന്ന് ഹൈകോടതി. ശിൽപികളുടെ ആധികാരികത പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും ക്ഷേത്രസമിതി ആവശ്യപ്പെട്ടപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സമയക്രമവും ചെയ്യുന്ന പ്രവൃത്തികളുടെ വിശദാംശങ്ങളും സഹിതം മുഖ്യതന്ത്രിയും വിദഗ്ദ്ധ സമിതിയും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
ക്ഷേത്രത്തിലെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തയാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണി തുടങ്ങുന്നതിന് ലക്ഷദീപച്ചടങ്ങുകൾ പൂർത്തിയാകുന്ന ജനുവരി 14വരെ അനുവദിക്കണമെന്ന ക്ഷേത്രഭരണസമിതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഹരജി പരിഗണിക്കവേ വീണ്ടും സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.
ഇത്തരത്തിൽ ഒഴികഴിവുകൾ പറയുന്നത് അനുചിതമാണെന്ന് കോടതി വ്യക്തമാക്കി. പ്രധാന വിഗ്രഹത്തിലെ കേടുപാടുകൾ തീർക്കാൻ നടപടി എടുക്കാത്തതിനെതിരെ കായംകുളം സ്വദേശി അഡ്വ. ആർ. രാജശേഖരൻ പിള്ള സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.