ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപറേഷൻ തൂഫാൻ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ശശി തരൂർ എം.പി എന്നിവർ സൗഹൃദ സംഭാഷണത്തിൽ
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്നും ഈ വിപത്തിനെ തൂത്തെറിയാനുള്ള ‘ഓപറേഷന് തൂഫാന് -ദി നാര്‍കോ ഹണ്ട്’ ദൗത്യം കേരളീയ സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. യുവതയെ മയക്കിക്കിടത്തി സമൂഹത്തിന്റെ പുരോഗതി ഇല്ലാതാക്കുകയാണ് മയക്കുമരുന്ന് മാഫിയകള്‍ ചെയ്യുന്നത്. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയെന്നത് ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പൊലീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദൗത്യം നടപ്പാക്കുന്നതിന് പൊലീസിന് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ നോഡല്‍ ഓഫിസറായി ഇന്റലിജന്‍സ് വിഭാഗം ഐ.ജി പുട്ട വിമലാദിത്യയെ നിയോഗിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇന്റലിജന്‍സ് ഐ.ജിയുടെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്ലും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെ പൊലീസ് സംവിധാനം ജില്ലതലങ്ങളിലും താഴേക്കും ലഹരിമരുന്ന് മാഫിയകള്‍ക്കെതിരെ ഊർജസ്വലമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് പ്രകാശനം ചെയ്തു. ‘തൂഫാന് വാരിയേഴ്സായി’ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് രമേശ് ചെന്നിത്തല ബാഡ്ജുകള്‍ വിതരണം ചെയ്തു. തൂഫാന് ഫ്ലാഗ് വിദ്യഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് കോട്ടണ്‍ ഹില്‍ സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോണ്‍, ശശി തരൂര്‍ എം.പി, സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.