തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിൽ വ്യാപക ക്രമക്കേട്. ഓപറേഷൻ ബ്ലൂ പ്രിന്‍റ് എന്ന പേരിൽ 57 ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിംഗ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തിലും, ഇടുക്കി, കോട്ടയം ജില്ലകളിലെ 5 ഗ്രാമപഞ്ചായത്തുകൾവീതവും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ 4 ഗ്രാമപഞ്ചായത്തുകൾ വീതവും, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 3ഗ്രാമപഞ്ചായത്തുകൾ വീതവുമായാണ് മിന്നൽ പരിശോധന നടത്തിയത്. കെട്ടിട നിർമ്മാണ അനുമതിക്കായുള്ള1689 അപേക്ഷകളും, കെട്ടിട നമ്പറിനുവേണ്ടിയുള്ള 504 അപേക്ഷകളും തീരുമാനം എടുക്കാത്തതായി കണ്ടെത്തി.
എറണാകുളം മുളന്തുരുത്തി, കണ്ണൂർ വളപട്ടണം, കൊല്ലം കുലശേഖരപുരം, കോട്ടയം കല്ലറ, കാഞ്ഞിരപ്പള്ളി, പാലക്കാട് പുതുശ്ശേരി, കുമാരംപുത്തൂർ എന്നീ പഞ്ചായത്തുകളിൽ കേരള കെട്ടിട നിർമ്മാണചട്ടം പാലിക്കാതെ പൂർത്തീകരിച്ച വ്യാപാരസ്ഥാപനങ്ങൾക്ക് കെട്ടിട നമ്പർ നൽകിയതായി കണ്ടെത്തി.
ആലപ്പുഴ പാലമേൽ പഞ്ചായത്തിൽ റോഡ് നിർമ്മാണത്തിന് ഉപയോഗിച്ച കോൺക്രീറ്റിന്‍റെ ബലം കുറവാണെന്ന് ലാബ് പരിശോധന ഫലം ലഭിച്ചശേഷവും ബില്ല് മാറി നൽകി. കാസർകോട് തൃക്കരിപ്പൂരിൽ നടപ്പ് സാമ്പത്തിക വർഷം ടെൻഡർ ചെയ്ത മരാമത്ത് പ്രവർത്തികളിൽ 69 എണ്ണത്തിൽ 27 എണ്ണവും, ആലപ്പുഴ പട്ടണക്കാട് 54 എണ്ണത്തിൽ 21 എണ്ണവും, തിരുവനന്തപുരം ചെങ്കൽ പഞ്ചായത്തിൽ 15 എണ്ണത്തിൽ 12 എണ്ണവും, കോട്ടയം കല്ലയിൽ 35 എണ്ണത്തിൽ 11 എണ്ണവും ഒരേ കരാറുകാർക്കാണ് നൽകിയത്. തിരുവനന്തപുരം കാട്ടാക്കടയിൽ നടപ്പ് സാമ്പത്തികവർഷം ഇ- ടെൻഡർ അല്ലാതെ ഓപ്പൺ ടെൻഡർ വിളിച്ച നാല് നിർമ്മാണ പ്രവർത്തികളും ഒരേ കരാറുകാരന് നൽകിയതായും കണ്ടെത്തി.
മലപ്പുറം എടരിക്കോട്, വയനാട് വെള്ളമുണ്ട, കണ്ണൂർ കുറ്റിയാട്ടൂർ, കാസർകോട് തൃക്കരിപ്പൂർ, ചെങ്കള എന്നീ ഗ്രാമപഞ്ചായത്തുകളിലെ ചില എയിഡഡ് സ്കൂളുകളിലെ കെട്ടിടങ്ങളിൽ ചിലത് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്നതായും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, ചെങ്കൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകളിലെ ഒരു കെട്ടിടത്തിന് പഞ്ചായത്ത് അധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിലും വിജിലൻസ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പരിശോധിപ്പിച്ചതിൽ ബലക്ഷയമുള്ളതായി കാണ്ടെത്തി.
തൃശ്ശൂർ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് ഓവർസിയറുടെ ഗൂഗിൾ-പേ അക്കൗണ്ട് വഴി അവിടത്തെ സ്വകാര്യ എൻജിനീയർ നിരവധി തവണ പണമിടപാട് നടത്തിയതായും, കോട്ടയം കല്ലറ ഗ്രാമപഞ്ചായത്തിൽ ഒരു ഓവർസിയർ കഴിഞ്ഞ 10 മാസത്തിനിടയ്ക്ക് വിവിധ കരാറുകാരുമായി ലക്ഷക്കണക്കിന് രൂപ ഗൂഗിൾ-പേ വഴി പണമിടപാട് നടത്തിയതായും കണ്ടെത്തി.
എറണാകുളം മുളന്തുരുത്തി പഞ്ചായത്തിൽ പരിശോധന നടത്തിയപ്പോൾ ബ്ലോക്ക്പഞ്ചായത്തിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലെ ചില ഫയലുകൾ, എം. ബുക്ക് എന്നിവ അവിടെ കാണപ്പെട്ട ഒരു കരാറുകാരന്‍റെ ബന്ധുവിന്‍റെ കയ്യിൽ നിന്നും വിജിലൻസ് പിടികൂടി.
പത്തനംതിട്ട ജില്ലയിലെ മൈലപ്ര ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണചട്ടപ്രകാരം പാർക്കിംഗിനായി ഒഴിച്ചിട്ട സ്ഥലവും ടോയ്‌ലറ്റുകളും ഗോഡൗണായി ഉപയോഗിക്കുന്നത് കണ്ടെത്തി. മറ്റ് ചില ഗ്രാമപഞ്ചായത്തുകളിലും പാർക്കിംഗിനായി നീക്കിവെച്ച സ്ഥലത്ത് അനധികൃത നിർമ്മാണം ഉൾപ്പെടെ നടത്തി മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് കണ്ടെത്തി. ഇത് പരിശോധിക്കേണ്ട ചുമതലയുള്ള ഓവർസിയർമാർ അപ്രകാരം ചെയ്യുന്നില്ലായെന്നും കണ്ടെത്തി.
കോട്ടയം കല്ലറ ഗ്രാമപഞ്ചായത്തിലെ എൻജിനീയറിംഗ് വിഭാഗത്തിൽ രാവിലെ 10:30ന് മിന്നൽ പരിശോധനയ്ക്ക് എത്തിയെങ്കിലും ഉദ്ദ്യോഗസ്ഥർ ആരും എത്താത്തതിനാൽ 1 ഓടെയാണ് പരിശോധന ആരംഭിക്കാൻ സാധിച്ചത്.
മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റികൂടുതൽ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും, കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് മേൽനടപടിക്കായി സർക്കാരിലേക്ക് അയച്ചുനൽകുമെന്നും വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.