നഴ്സിങ് റിക്രൂട്ട്മെന്‍റ്: രണ്ട് പ്രതികള്‍ക്ക് എതിരെ സി.ബി.ഐ കുറ്റപത്രം

കൊച്ചി: ഇരുനൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന നഴ്സിങ് റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ് കൊല്ലം തങ്കശ്ശേരി സ്വദേശി എല്‍. അഡോള്‍ഫ്, കൊച്ചിയിലെ റിക്രൂട്ട്മെന്‍റ് ഏജന്‍സിയായ ജെ.കെ ഇന്‍റര്‍നാഷനല്‍ സി.ഇ.ഒ റെനി ഈപ്പന്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി (മൂന്ന്) മുമ്പാകെ കുറ്റപത്രം നല്‍കിയത്.  

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സിന്‍െറ ഒത്താശയോടെ 19,500 രൂപ ഈടാക്കി കുവൈത്തിലേക്ക് നഴ്സുമാരെ അയക്കേണ്ട ഏജന്‍സി ഇതിന്‍െറ നൂറിരട്ടി വാങ്ങി റിക്രൂട്ട് ചെയ്തതായാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ്, പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ ഏജന്‍സികള്‍ക്ക് ഒത്താശ ചെയ്തതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.

വിവിധ ഏജന്‍സികള്‍ കുവൈത്തിലേക്ക് ആയിരത്തോളം നഴ്സുമാരെ അന്യായമായി പണം ഈടാക്കി കടത്തിവിടുകയായിരുന്നു. 19,500രൂപ വീതം ഈടാക്കി റിക്രൂട്ട് ചെയ്യാനുള്ള കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായുള്ള കരാര്‍ ലംഘിച്ചാണ് വന്‍ തുക വാങ്ങിയത്. അഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ ഒരെണ്ണത്തില്‍കൂടി സി.ബി.ഐ കുറ്റപത്രം നല്‍കിയിട്ടുണ്ട്. ഇത് കോടതിയുടെ പരിശോധനയിലാണ്. അല്‍സറഫ റിക്രൂട്ടിങ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ പിടികൂടാനാവാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല.

Tags:    
News Summary - nursing recruitment case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.