കൊച്ചി: ശമ്പളവർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരത്തിനെതിരായ ഹരജി പരിഗണിക്കുന്നതിൽനിന്ന് ഹൈകോടതിയുടെ നിലവിലെ ബെഞ്ച് പിൻമാറി. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനടക്കം നൽകിയ ഹരജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് പി. ഗോപിനാഥാണ് പിൻവാങ്ങിയത്. ഹരജി ബുധനാഴ്ച പുതിയ ബെഞ്ചിന്റെ പരിഗണനക്കെത്തും. നഴ്സുമാരുടെ സമരം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ സർക്കാറിന് അവശ്യസേവന നിയമമടക്കം (എസ്മ) പ്രയോഗിക്കാനാകുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. എസ്മ സാധ്യമാണോയെന്ന് അറിയിക്കാൻ കഴിഞ്ഞ ദിവസം ഇതേ ബെഞ്ച് നിർദേശിക്കുകയും ചെയ്തു. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സമരം ഒത്തുതീർക്കാൻ ഹൈകോടതി നിർദേശപ്രകാരം അഭിഭാഷക സാന്നിധ്യത്തിൽ നടത്തിയ മധ്യസ്ഥചർച്ച പരാജയപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് മധ്യസ്ഥന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. യു.എൻ.എ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിനെ തുടർന്ന് സംസ്ഥാന വ്യാപകമായി അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങടക്കം മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. പല ആശുപത്രികളും നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാൻ തയാറാണെന്ന വാദമാണ് യു.എൻ.എ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.