പേർളി മാണി, അഖിൽ മാരാർ

‘പേർളി മാണിക്ക് 4 ലക്ഷം പോയത് പോലെ എനിക്ക് 70,000 ഫോളോവേഴ്സ് പോയി, ഇഷ്ടപ്പെടുന്നവർ വെറുത്തു, അഞ്ജലിക്കും ഇതേ അവസ്ഥ’ -എൻ.ഡി.എ സ്ഥാനാർഥിയായതിലുള്ള നഷ്ടം തുറന്നുപറഞ്ഞ് അഖിൽ മാരാർ

കൊച്ചി: താൻ എൻഡി.എ സ്ഥാനാർഥി ആയതോടെ നേരിട്ട വ്യക്തിപരമായ നഷ്ടങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വെട്ടിത്തുറന്ന് പറഞ്ഞ് സംവിധായകനും രാഷ്ട്രീയപ്രവർത്തകനുമായ അഖിൽ മാരാർ. ട്വന്റി 20 അംഗത്വം രാജിവെച്ചതിന് പിന്നാലെ,പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെയും അഖിൽ രൂക്ഷവിമർശനങ്ങളുയർത്തി. ശരികൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ഒന്നിന്റെയും ഭാരം തന്റെ മണ്ടയിൽ ഉണ്ടാവാൻ പാടില്ലെന്നും ഇനി ഒരു രാഷ്ട്രീയ പാർട്ടിയിലും  ചേരില്ലെന്നും അഖിൽ പറഞ്ഞു.

‘എൻ.ഡി.എ സ്ഥാനാർഥികളിൽ എന്നെപ്പോലെ ബാധ്യത അനുഭവിക്കുന്നത് അഞ്ജലി മാത്രമേ ഉള്ളൂ. മറ്റുള്ളവ​ർക്കൊക്കെ പ്രത്യേകിച്ച് എന്താ നഷ്ടപ്പെടാനുള്ളത്? ഇതിൽ എല്ലാ നഷ്ടങ്ങളും പേറേണ്ടി വരുന്ന ഒരാൾ ഞാനാണ്. ഇപ്പോൾ സി.ജെ.പി പ്രതിഷേധത്തെ എതിർത്ത പേർളിമാണിക്ക് നാലുലക്ഷം ഫോളോവേഴ്സ് പോയി. അതുപോലെ എനിക്കും പോയിട്ടുണ്ട് 70,000 ഫോളോവേഴ്സ്.

ഞാൻ ബിഗ് ബോസിൽ പോകുമ്പോൾ എനിക്ക് ആയിരം ഫോളോവേഴ്സേ ഉണ്ടായിരുന്നുള്ളൂ. ആയിരം പേരുമായിട്ട് പോയി ജയിച്ചവനാണ് ഞാൻ. എനിക്ക് ഫോളോവേഴ്സോ നമ്മളെ ഇഷ്ടപ്പെടുന്നവരോ ഒന്നും എന്റെ വിഷയമല്ല. പക്ഷേ, ഇഷ്ടപ്പെടുന്ന ഒരാൾ തെറ്റിദ്ധരിച്ചു വെറുക്കേണ്ടി വരുന്ന അവസ്ഥ. എന്റെ രാഷ്ട്രീയം പറഞ്ഞും എന്നെ ഒരു വർഗീയവാദിയായി ചിത്രീകരിച്ചുകൊണ്ടും നമ്മളെ വിളിക്കുന്ന പല പരിപാടികളിൽ നിന്നും ഒഴിവാക്കുന്ന അവസ്ഥ. ഞാൻ ദുബൈയിൽ പോയ സമയത്തും മറ്റുമൊക്കെ ഇതൊക്കെ എനിക്ക് കേൾക്കേണ്ടി വരും. ഞാൻ ഇത് കേൾക്കാൻ തയ്യാറാണ്. പക്ഷേ ഇതൊക്കെ കേൾക്കാൻ കാരണക്കാരനായ ഒരാൾ സുഖിച്ച് ഒരക്ഷരം മിണ്ടാതെ അപ്പുറത്ത് നിൽക്കുകയാണ്. ഒരു മറുപടി തരാതെ, അല്ലെങ്കിൽ വിളിച്ചൊന്ന് സമാധാനിപ്പിക്കാതെ നിൽക്കുകയാണ്. അല്ലെങ്കിൽ അടുത്ത കാര്യങ്ങൾ പറയാതെ നിൽക്കുകയാണ്. അപ്പോൾ ഞാൻ ഇത് കേൾക്കേണ്ട കാര്യം എന്താണ്.

അഞ്ജലിക്കും ഇതേ അവസ്ഥ തന്നെയാണ്. അഞ്ജലി എന്നോട് പലപ്പോഴും ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്. അഞ്ജലി പോകുന്നിടത്ത് നിന്നെല്ലാം സാമ്പത്തികവുമായി ബന്ധപ്പെട്ട് അഞ്ജലിയോട് ചോദിക്കുന്നുണ്ട്. അഞ്ജലിക്കും അഞ്ചു പൈസ ആരും കൊടുത്തിട്ടില്ല.

തൃപ്പൂണിത്തുറ സീറ്റിൽ പൈസ ചിലവഴിച്ച് ഫ്ലക്സ് അടിച്ചിട്ടുണ്ട്, പോസ്റ്റർ അടിച്ചിട്ടുണ്ട്, പലതും പ്രോപ്പർ ആയിട്ട് ഒട്ടിച്ചിട്ടില്ല. പലതും പ്രോപ്പർ ആയിട്ട് എത്തിച്ചിട്ടുമില്ല. പക്ഷേ എന്നാലും ഇതൊക്കെ അവർ അച്ചടിച്ചിട്ടുണ്ട്. ഇതിന്റെ പൈസ അവർ ചിലവാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ കാമ്പയിനുമായി ബന്ധപ്പെട്ട് ഞാൻ തുടക്കത്തിൽ ചിലവാക്കിയ പൈസ തന്നിട്ടുണ്ട്. ഞാൻ പറഞ്ഞല്ലോ, ട്വന്റി 20ക്ക് വേണ്ടി എന്റെ കൂടെ നിയോജക മണ്ഡലത്തിൽ മൊത്തത്തിൽ ഫുൾ ടൈമർ ആയിട്ട് പ്രവർത്തിക്കാൻ രണ്ടു പേരായിരുന്നു ഉണ്ടായിരുന്നത്.

ഇവിടെ തൃക്കാക്കരയിൽ ഒരു കൗൺസിലർ ട്വന്റി 20ക്ക് ജയിച്ചിട്ടുണ്ടായിരുന്നു. അവർ ആദ്യം എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല. പിന്നീട് പലതും പറഞ്ഞു സംസാരിച്ച് പേരിനൊന്ന് പോയി കണ്ടതല്ലാതെ ഒരു ദിവസം പോലും ഒരാളോട് പോലും അവർ വോട്ട് ചോദിച്ചിട്ടില്ല. ഇവർക്ക് വേണ്ടി മത്സരിച്ച ഒരാൾ പോലും നമുക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ ഇറങ്ങിയിട്ടില്ല. ഒരു മണ്ഡലം കമ്മിറ്റി ഓഫീസില്ല. നാലു പേരെ ഒന്ന് ഇരുത്തി സംസാരിക്കണമെങ്കിൽ ഹോട്ടലിലാണ് നമ്മൾ പലരെയും കണ്ടത്. നിങ്ങളിൽ പല ആൾക്കാരും എന്റെ ഇന്റർവ്യൂ എടുക്കാൻ ഹോട്ടലിൽ ആയിരുന്നു വന്നുകൊണ്ടിരുന്നത്. ഞാൻ താമസിച്ചത് ഹോട്ടലിലാണ്.

എനിക്ക് വേണ്ടി കേരളത്തിന്റെ പല പ്രദേശത്തു നിന്നും വന്ന എന്റെ സുഹൃത്തുക്കളെയും സഹോദരങ്ങളെയും ഞാൻ ഹോട്ടലിൽ റൂം എടുത്ത് താമസിപ്പിക്കുകയായിരുന്നു. അവർക്ക് ഭക്ഷണം നമ്മൾ വാങ്ങി കൊടുക്കുകയായിരുന്നു. വാഹനങ്ങളുടെ ചിലവുകൾ നമ്മൾ നോക്കുകയായിരുന്നു. ഇങ്ങനെ ചെലവായ പൈസ ഇവർ തന്നു. ഒരു പക്ഷേ കണക്കെടുത്തു കഴിഞ്ഞാൽ അതിൽ കൂടി ഞാൻ ചിലവാക്കിയിട്ടുണ്ടാകും. പിന്നെ എന്തിനാണ് ഞാൻ ഈ പഴി കേൾക്കുന്നത്. ഇപ്പോൾ ഞാൻ ഒരു ഇലക്ട്രിക് വാഹനം എടുത്തത് ബെൻസിൽ നടക്കുന്ന ചിലവ് ഒഴിവാക്കാൻ വേണ്ടിയിട്ടാണ്. എന്റെ അച്ഛന് ക്യാൻസർ ആണ്. ഇപ്പോൾ ഞാൻ കൊച്ചിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പലപ്പോഴും യാത്ര ചെയ്യേണ്ടി വരും. ഈ യാത്ര ചെലവ് മുൻപൊക്കെ എനിക്ക് വലിയ പ്രശ്നമില്ലായിരുന്നു. 50000 രൂപ വ​രെ ഒരു മാസം പെട്രോൾ അടിച്ചു കളയേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ഇ​പ്പോൾ ഇലക്ട്രിക് വണ്ടി എടുത്താൽ അത് ലാഭിക്കാം. അങ്ങനെ ഇലക്ട്രിക് വണ്ടി എടുത്തപ്പോൾ മറ്റേ തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയെന്ന പഴി ഞാൻ കേട്ടു.

ഇലക്ഷൻ കമ്മീഷന്റെ സൈറ്റിൽ എന്റെ സാമ്പത്തികം മൂന്നുകോടി രൂപ ഞാൻ കാണിച്ചിട്ടുണ്ട്. അതായത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് തന്നെ എന്റെ കണക്കുകൾ ഞാൻ കാണിച്ചത് മൂന്നു കോടി എന്നാണ്. എനിക്ക് അത്യാവശ്യം സേവിങ്സ് ഉണ്ട്. പക്ഷേ ഞാൻ എന്റെ മക്കൾക്ക് വേണ്ടി സേവ് ചെയ്തു വെച്ചിരിക്കുന്നത് ഇപ്പോൾ ജീവിക്കാൻ വേണ്ടി എടുത്ത് ചെലവഴിക്കേണ്ട അവസ്ഥയായി മാറുന്നു. അതേസമയം തന്നെ, എവിടെ ചെന്നാലും നമ്മൾ ചെയ്യുന്ന കാര്യങ്ങളെ ട്വന്റി 20യിൽ നിന്ന് പണം കിട്ടിയതുകൊണ്ടാണെന്ന് കേൾക്കേണ്ടി വരുന്നു.

ചോദിച്ച സീറ്റ് കിട്ടിയില്ല, തരാമെന്ന് പറഞ്ഞ സീറ്റ് തന്നില്ല, മറ്റൊരു സ്ഥലത്ത് കൊണ്ടിട്ട് ചതിച്ചതിനു ശേഷവും അവരുടെ കൂടെ നിൽക്കാമെന്ന് പറഞ്ഞ എന്റെ അടുത്ത് ഒരു മര്യാദ പോലും ഇത്രയും നാളായിട്ട് കാണിച്ചിട്ടുമില്ല. പിന്നെ ഞാൻ അവരുടെ ആ വിഴുപ്പ് പേറേണ്ട ആവശ്യമില്ല.

ഒറ്റക്ക് എനിക്ക് സിനിമ ചെയ്യാൻ അറിയാം. എനിക്ക് മുന്നോട്ട് പോകാൻ അറിയാം. ആരുടെയും സഹായം ഇല്ലെങ്കിലും എന്റേതായ കാര്യങ്ങൾ നോക്കി ഒറ്റക്ക് ഇവിടെ സർവൈവ് ചെയ്യാനുള്ള ശേഷി എനിക്കുണ്ട്. ഞാൻ അങ്ങനെ തന്നെ മുന്നോട്ട് പോകും. രാഷ്ട്രീയം പറയേണ്ടിടത്ത് എനിക്ക് ശരിയെന്ന് തോന്നുന്ന വിഷയങ്ങൾ ഞാൻ സംസാരിക്കും. പാർട്ടിയിൽ ജോയിൻ ചെയ്യില്ല. നമ്മൾ സ്വതന്ത്ര കാഴ്ചപ്പാടോടുകൂടി മുന്നോട്ടു പോകും. ആ സ്വതന്ത്ര കാഴ്ചപ്പാടോടുകൂടി മുന്നോട്ടു പോകുമ്പോൾ എനിക്ക് ലഭിക്കുന്ന സ്വീകാര്യത എനിക്ക് ഇന്നലെകളിൽ കിട്ടിയിട്ടുണ്ട്. നാളെയും കിട്ടും. പക്ഷേ, ഞാൻ പറയുന്ന വിഷയത്തിന്റെ മെറിറ്റ് നഷ്ടപ്പെട്ടു പോകും. ഞാൻ ദുരിതാശ്വാസ നിധിക്ക് എതിരെ എൻ.ഡി.എയു​ടെ പ്ലാറ്റ്ഫോമിൽ സംസാരിച്ചാൽ നിങ്ങൾ എത്ര പേർ അത് വിശ്വസിക്കും? സ്വതന്ത്രനായതുകൊണ്ടാണ് ആ വിശ്വാസം വരുന്നത്. എനിക്കറിയാം ശരികൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ഒന്നിന്റെയും ഭാരം എന്റെ മണ്ടയിൽ ഉണ്ടാവാൻ പാടില്ല. ആ ചാപ്പ എന്റെ മണ്ടയിൽ അടിക്കാൻ പാടില്ല. ഞാൻ ഞാനായി സംസാരിക്കും. എനിക്ക് ശരി എന്ന് തോന്നുന്ന വിഷയം സംസാരിക്കും’ 

Tags:    
News Summary - എൻ.ഡി.എ സ്ഥാനാർഥിയായതിലുള്ള നഷ്ടം തുറന്നുപറഞ്ഞ് അഖിൽ മാരാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.