കുംബമേള വൈറൽ ഗേൾ
കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ പെൺകുട്ടിയെ മധ്യപ്രദേശ് പൊലീസിനോ മറ്റാർക്കുമോ കൈമാറരുതെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി. പെൺകുട്ടി ആവശ്യപ്പെട്ടാൽ ഉടൻതന്നെ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പൊലീസിനെ ബന്ധപ്പെടണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടക്കി അയച്ചാൽ ദുരഭിമാന കൊലയ്ക്ക് ഇരയാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.
മധ്യപ്രദേശ് പൊലീസിന് പെൺകുട്ടിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി/പട്ടികവർഗ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെതിരെയും കോടതി കടുത്ത വിമർശനം ഉന്നയിച്ചു. കമ്മീഷന് ഇത്തരത്തിലുള്ള ഉത്തരവുകൾ ഇറക്കാൻ എങ്ങനെ സാധിക്കുമെന്ന് കോടതി ചോദിച്ചു. കൂടാതെ, എറണാകുളം സെൻട്രൽ പൊലീസ് എസ്.എച്ച്.ഒ. നേരിട്ട് ഹൈക്കോടതി രജിസ്ട്രിക്ക് കത്ത് നൽകിയതിലും കോടതി അതൃപ്തി രേഖപ്പെടുത്തുകയും, സർക്കാർ അഭിഭാഷകൻ ഉദ്യോഗസ്ഥന് ആവശ്യമായ ഉപദേശങ്ങൾ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ആശങ്ക പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി, നേരത്തെ പാലാരിവട്ടം പൊലീസിനോട് പെൺകുട്ടിക്ക് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരവിടുകയും ഇതിനായി ഒരു വനിതാ എ.എസ്.ഐയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഹരജി കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ഈ നിർണായക ഉത്തരവുകൾ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.