‘ടി.ജി. മോഹൻദാസിന്റെ വീട്ടിൽ സ്ത്രീകളില്ലേ? അയാൾക്ക് മക്കളില്ലേ? മനസിന്റെ ഭീകരതയാണ് വ്യക്തമാകുന്നത്’ -കൂട്ടബലാത്സംഗ പരാമർശത്തിൽ പൊട്ടിത്തെറിച്ച് പി.കെ ശ്രീമതി

കണ്ണൂർ: സ്ത്രീകൾക്കെതിരെ കടുത്ത അധിക്ഷേപ പരാമർശം നടത്തിയ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജെ. മോഹൻദാസിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷയുമായ പി.കെ. ശ്രീമതി. കൂട്ടബലാത്സംഗം സ്ത്രീകൾ ഇഷ്ടത്തോടുകൂടി സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന് പെൺമക്കളില്ലേയെന്നും വീട്ടിൽ സ്ത്രീകളില്ലേയെന്നും ശ്രീമതി ചോദിച്ചു.

‘എങ്ങനെയാണ് അദ്ദേഹത്തിന്റെ നാക്കിൽനിന്ന് ഈ രൂപത്തിലുള്ള ഒരു പ്രയോഗം വന്നത്? നിങ്ങൾ ആലോചിച്ചു നോക്കൂ, അതിക്രമത്തിന്റെ ഏറ്റവും ഭീകരമായ ഒരു രൂപമാണ് ബലാത്സംഗം. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്യാൻ ഇഷ്ടപ്പെട്ട് അതിന് വിധേയമാകാൻ വേണ്ടി വന്നവരാണെന്നാണ് ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് പറഞ്ഞത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും’ -ശ്രീമതി പറഞ്ഞു.

‘നമ്മുടെ രാജ്യത്ത് കഴിഞ്ഞ കുറച്ചുകാലമായിട്ട് വിദ്വേഷം ജനിപ്പിക്കുന്ന, വെറുപ്പുണ്ടാക്കുന്ന ഒട്ടനവധി പ്രസംഗങ്ങൾ ഇതുപോലെ കേട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും വർഗീയ പ്രസ്താവനകൾ. വടക്കേ ഇന്ത്യയിൽ പ്രത്യേക മത ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പുണ്ടാക്കുന്ന, വർഗീയത മുറ്റിനിൽക്കുന്ന, ധാരാളം പ്രസംഗങ്ങൾ ആർഎസ്എസിന്റെയും ബിജെപിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതാക്കൾ നടത്താറുണ്ട്. മന്ത്രിമാരുടെ ഭാഗത്ത് നിന്നടക്കം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ വളരെ കുറവാണത്. പല ബിജെപി, ആർഎസ്എസ് നേതാക്കന്മാരുടെ ഭാഗത്തുനിന്ന് ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത പ്രസ്താവനയാണിത്. ബിജെപിയുടെ എത്രയോ നേതാക്കന്മാരെ എനിക്കറിയാം. പക്ഷേ അവരിൽനിന്ന് ഒന്നും ഇതുവരെ ഉണ്ടാകാത്ത വിധത്തിൽ കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ രണ്ട് പ്രയോഗങ്ങൾ ടി.ജി. മോഹൻദാസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. അദ്ദേഹം ആർ.എസ്.എസിന്റെ പ്രവർത്തകനും നേതാവുമാണ്. അങ്ങേയറ്റം സംസ്കാര ശൂന്യമായാണ് അദ്ദേഹം സംസാരിക്കുന്നത്. ഭാരതീയ സംസ്കാരത്തിനും കേരളീയ സംസ്കാരത്തിനും ഒട്ടും യോജിക്കാത്ത വിധത്തിലുള്ള ഭാഷയാണ് അദ്ദേഹം പ്രയോഗിക്കുന്നത്.

ഇന്ത്യയിലെ കുട്ടികളുടെ അവകാശത്തെ മുൻനിർത്തി ജന്തർ മന്തറിൽ 35 ദിവസത്തിലേറെ നടത്തിയ പോരാട്ടം സംഘടിത സമരമായിരുന്നില്ല. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നും കുട്ടികൾ വന്നുചേർന്ന് നീതിക്ക് വേണ്ടി നടത്തിയ ധർമ്മസമരമായിട്ടാണ് എല്ലാവരും അതിനെ കണ്ടത്. ആ സമരത്തിൽ പങ്കെടുത്തവരെ വെടിവെച്ചു കൊല്ലണമെന്നാണ് മോഹൻദാസ് പറഞ്ഞത്. നമ്മുടെ കുട്ടികളെ വെടിവെച്ചു കൊല്ലാനാണ് പറയുന്നത്. എകെ 47 തോക്ക് ഉപയോഗിച്ച് കുട്ടികളെ വെടിവെച്ചു കൊല്ലാനുള്ള പ്രയോഗം ഇപ്പോൾ നമ്മൾ ചില സംസ്ഥാനങ്ങളിൽ കണ്ടു. അത് പ്രയോഗത്തിൽ വരുത്തുക എന്നുള്ളതാണോ രാജ്യം ഭരിക്കുന്നവരുടെ ലക്ഷ്യം. ഇതിനു മുൻപ് ജനാധിപത്യ രാഷ്ട്രം അങ്ങനെയാണോ സമരത്തെ നേരിട്ടത്. അങ്ങേറ്റം അപലപനീയമാണ്. പ്രതിഷേധാർഹമാണ്. രാജ്യം മുഴുവൻ പ്രതിഷേധിക്കേണ്ട ഏറ്റവും അപലപനീയമായ പ്രസ്താവനയാണ് ടിജി മോഹൻദാസ് എന്ന ആർഎസ്എസ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.

ഏറ്റവും മ്ലേഛമായ, അധമമായ രീതിയിൽ പെൺകുട്ടികളെ കാണുന്ന മനോഭാവമാണ് മോഹൻദാസ് പറഞ്ഞത്. മനുസ്മൃതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സംസ്കാരത്തിന്റെയോ ആശയത്തിന്റെയോ ഭാഗമായിട്ടാണോ അദ്ദേഹം ഈ രൂപത്തിൽ പ്രതികരിച്ചത്. സമരത്തിൽ പങ്കെടുത്ത നമ്മുടെ പെൺകുട്ടികളുടെ ചുറുചുറുക്കും ഊർജ്ജസ്വലതയും അവരുടെ മുദ്രാവാക്യവും ഒക്കെ കാണുമ്പോൾ നമുക്ക് അഭിമാനം തോന്നുകയാണ്. സമരത്തിനിടെ ഒരു പെൺകുട്ടിയെ പൊലീസ് അകാരണമായി ലാത്തികൊണ്ട് മർദിച്ചപ്പോൾ ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒരു പെൺകുട്ടി ആ പൊലീസുകാരനെ തള്ളി മാറ്റി. ആ കുട്ടിയെ അടിക്കരുത് എന്ന് പറഞ്ഞ ആ പെൺകുട്ടി ഈ സമരത്തിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഡോക്ടർ അംബേദ്കർ മെമ്മോറിയൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയാണവർ. ആ കുട്ടിയെ സസ്പെൻഡ് ചെയ്തു എന്നാണ് അറിഞ്ഞത്. മഹിള അസോസിയേഷൻറെ ഹിമാചൽ സ്റ്റേറ്റ് സെക്രട്ടറി ഫാൽമ ചൗഹാൻ ആ പെൺകുട്ടിയുടെ വീട്ടിൽ പോയി അന്വേഷിച്ചു.

ഇവ​രെ കുറിച്ചൊക്കെ മോഹൻദാസ് എന്താണ് പറഞ്ഞത്? അവിടെ പങ്കെടുത്ത പെൺകുട്ടികൾ കൂട്ട ബലാത്സംഗം വളരെ ഇഷ്ടത്തോടുകൂടി സ്വീകരിക്കും എന്നാണ്. എന്തൊരു പ്രയോഗമാണിത്. അദ്ദേഹത്തിന് മക്കളില്ലേ? പെൺകുട്ടികൾ ഇല്ലേ? അദ്ദേഹത്തിന്റെ വീട്ടിൽ പെൺകുട്ടികൾ ഇല്ലേ? എങ്ങനെയാണ് അദ്ദേഹത്തിൻറെ നാക്കിൽ നിന്ന് ഈ രൂപത്തിലുള്ള ഒരു പ്രയോഗം വന്നതെന്ന് നിങ്ങൾ ആലോചിച്ചു നോക്കൂ. അതിക്രമത്തിന്റെ ഏറ്റവും ഭീകരമായ ഒരു രൂപമാണ് ബലാത്സംഗം. ലോകത്തൊരു സ്ത്രീയും അംഗീകരിക്കുന്ന ഒന്നല്ല അത്. എന്നിട്ടാണ്, കൂട്ടബലാത്സംഗം ചെയ്യാൻ ഇഷ്ടപ്പെട്ട് അതിന് വിധേയമാകാൻ വേണ്ടി വന്നവരാണെന്ന് ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് പ്രയോഗിച്ചത്.

അതിനെതിരെ ഞങ്ങൾ നിയമ നടപടി സ്വീകരിക്കും. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ സംസ്ഥാന നേതൃത്വം ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഈ പ്രതികരണങ്ങൾ ഒക്കെ ഉണ്ടായിട്ടും അദ്ദേഹം ഒരു ക്ഷമ പോലും ചോദിക്കുന്നില്ല എന്നത് ആ മനസ്സിന്റെ ഭീകരത എത്രത്തോളം വലുതാണ് എന്ന് കാണിക്കുകയാണ്’ -ശ്രീമതി പറഞ്ഞു. 

Tags:    
News Summary - Doesn't T.G. Mohandas have women at home? His words show the horror of his mind - P.K. Sreemathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.