തിരുവനന്തപുരം: ക്രൈസ്തവ സഭകൾ നടത്തുന്ന സമരപരിപാടികളിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയും പോലുള്ള സംഘടനകൾ നുഴഞ്ഞുകയറിയത് ആശങ്കാജനകമാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനും പി.സി. ജോർജിന്റെ മകനുമായ ഷോൺ ജോർജ്. വിശ്വാസി സമൂഹവും സഭാ നേതൃത്വം ഈ കാര്യത്തിൽ ജാഗ്രത കാട്ടിയില്ലെങ്കിൽ അറവുകാരന്റെ കൂട്ടിൽ കുഞ്ഞാടിനെ കെട്ടിയ അവസ്ഥയാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.
ക്രൈസ്തവ സഭകൾ ലോകം മുഴുവൻ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇസ്‍ലാമിക് സ്റ്റേറ്റ്, അല്ലെങ്കിൽ പൊളിറ്റിക്കൽ ഇസ്‍ലാം. പൊളിറ്റിക്കൽ ഇസ്‍ലാം ഛത്തീസ്ഗഢിലെ കന്യാസ്ത്രീ വിഷയത്തിലും സഭ നേതൃത്വമേൽക്കുന്ന പല സമരങ്ങളിലും നുഴഞ്ഞുകയറുന്നു. ഛത്തീസ്ഗഢ് കന്യാസ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ എസ്.ഡി.പി.ഐയുടെയും പോപുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്‍ലാമിയുടെയും ആളുകൾ നുഴഞ്ഞുകയറി. ഈ വിഷയത്തിൽ അതീവ ജാഗ്രത പൊതുസമൂഹം കാട്ടണം.
ലോകത്തും കേരളത്തിലും ക്രൈസ്തവ സഭകൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വലിയ ആക്രമണങ്ങൾ നടത്തിയിട്ടുള്ള എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയും പോലുള്ള സംഘടനകൾ സഭ നടത്തുന്ന സമരങ്ങൾക്ക് പിന്നിൽ വന്നിട്ടുണ്ട്. ഇതൊന്നും നല്ല ഉദ്ദേശത്തോടല്ല. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ താടിക്ക് തട്ടിയവരെ പേടിച്ച് അറവുകാരന്റെ കൂട്ടിൽ കുഞ്ഞാടിനെ കെട്ടുന്ന സാഹചര്യമാകും.
സഭ നടത്തിയ പ്രതിഷേധങ്ങളെ ബഹുമാനപൂർവം തന്നെയാണ് ബിജെപി കാണുന്നത്. എന്നാൽ സഭാ പിതാക്കന്മാരോ സഭാ നേതൃത്വമോ അറിയാതെ നടക്കുന്ന ഇത്തരം നുഴഞ്ഞുകയറ്റം അപകടകരമാണ്. പാലാ ബിഷപ്പിനെതിരെ വാളെടുത്തവർക്കും പൂഞ്ഞാറിൽ വൈദികനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചവർക്കും വഖഫ് ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയവർക്കും പെട്ടെന്നുണ്ടായ ക്രൈസ്തവ സ്നേഹം, ബിജെപി വിരുദ്ധതയുടെ രാഷ്ട്രീയമാണ് എന്ന് സഭാ വിശ്വാസികൾ തിരിച്ചറിയണം.
നിർബന്ധിത മതപരിവർത്തനത്തിന് ബിജെപി ഒരിക്കലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 1964ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ നിർബന്ധിത മതപരിവർത്തനം നിരോധിച്ചിട്ടുണ്ട്. ഛത്തീസ്ഗഢ് വിഷയത്തിൽ മനുഷ്യത്വപരമായ നിലപാടാണ് ബിജെപി സ്വീകരിച്ചത്. നിർബന്ധിത മതപരിവർത്തനത്തെ സഭ തന്നെ എതിർക്കുമ്പോൾ ബിജെപിക്ക് അതിൽ മറ്റൊരു നിലപാട് ഇല്ല.
ഹമാസിനു വേണ്ടി കരയുന്ന കോൺഗ്രസ്, സിപിഎം നേതാക്കൾ ഛത്തീസ്ഗഢിൽ സംഭവങ്ങൾ നടക്കുമ്പോൾ അതേ ദിവസം തന്നെ കോംഗോയിലെ ക്രൈസ്തവ ദേവാലയത്തിനകത്ത് ഐ.എസ് ഭീകരർ കൊലപ്പെടുത്തിയ 40 ക്രൈസ്തവ സഹോദരന്മാരെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ആട്ടിൻതോലിട്ട ചെന്നായ്കളായ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ബി.ജെ.പി തുറന്നുകാട്ടി മുന്നോട്ടുപോകും. ഛത്തീസ്ഗഢിൽ കോൺഗ്രസ്, സിപിഎം നേതാക്കന്മാർ പെരുമാറിയത് തിരുവസ്ത്രം കൊത്തിപ്പറിക്കാൻ നിൽക്കുന്ന കഴുകന്മാരെ പോലെയാണ്.
പ്രാദേശികമായി രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ പേരിൽ ഛത്തീസ്ഗഢ് സർക്കാരിനെതിരെ ഇടതു-വലത് എംപിമാർ നടത്തിയ പ്രതിഷേധം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ മാത്രം ഉദ്ദേശിച്ചാണ് . പൊലീസ് നടപടി ശരിയാണെന്ന് തെളിയിക്കാൻ ഛത്തീസ്ഗഢ് സർക്കാർ കൂടി ഇറങ്ങിയിരുന്നുവെങ്കിൽ കന്യാസ്ത്രീകളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഇവരാരും ചിന്തിച്ചില്ല. ബി.ജെ.പിയും ഛത്തീസ്ഗഡ് സർക്കാരും സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടാണ് കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതിന്റെ കാരണം. ബിജെപിയുടെ നിഷ്പക്ഷ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടി നീതി നടപ്പിലാക്കും, അതാണ് ഛത്തീസ്ഗഢിൽ പാലിക്കപ്പെട്ടത്.
കാത്തലിക് ബിഷപ്പ് കൗൺസിൽ രാജീവ് ചന്ദ്രശേഖറിനോട് ഏഴു കാര്യങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏഴു പ്രശ്നങ്ങളും അദ്ദേഹം പരിഹരിച്ചു. ഏഴാമത്തെ പ്രശ്നമായ കന്യാസ്ത്രീകളുടെ അറസ്റ്റ് അവർ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയ ശേഷം മാത്രമാണ് ബിജെപിയുടെ മുൻപിലേക്ക് എത്തിയത്. അതിന് ശേഷം കഴിയുന്നതെല്ലാം ബിജെപി ചെയ്തു.
ക്രൈസ്തവർക്കു ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന പരിഗണന നൽകേണ്ടതില്ലെന്ന് ഇഎംഎസ് സർക്കാരിന്റെ കാലത്ത് സത്യവാങ്മൂലം ഫയലിൽ ചെയ്ത ഇടതുപക്ഷമാണ് ഇപ്പോൾ ക്രൈസ്തവ സ്നേഹം പറയുന്നത്. ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ വിശ്വാസികൾ നിർബന്ധമായും വേണമെന്ന ചട്ടം ഒഴിവാക്കിയതും പിണറായി സർക്കാരാണ്. ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി വേണമെന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോയതും ഇടതുപക്ഷം തന്നെയാണ്.
മുസ്‍ലിം സമുദായത്തിലെ പിന്നോക്കക്കാർക്ക് വേണ്ടി പാലോളി കമ്മിറ്റി റിപ്പോർട്ട് ഒരു മാസം കൊണ്ട് നടപ്പാക്കിയ കേരളത്തിൽ, ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്കക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻപ് നിയോഗിച്ച ജെ.ബി. കോശി റിപ്പോർട്ട് നാല് വർഷമായി എവിടെയാണെന്ന് പോലും അറിയില്ല. പിണറായി സർക്കാരിന് ജെ.ബി. കോശി റിപ്പോർട്ട് നടപ്പിലാക്കാനുള്ള ചങ്കൂറ്റമുണ്ടോ എന്ന് ബിജെപി ചോദിക്കുന്നു.
എല്ലാ കാലത്തും കേരളത്തിലെ ക്രൈസ്തവർ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ അടിമകളാണ് എന്ന് കരുതേണ്ട. എല്ലാം എല്ലാവർക്കും മനസ്സിലാകുന്ന സാഹചര്യത്തിലാണിത്. ഇനി അത് നടപ്പിലാകില്ല. വയനാട്, പാലക്കാട്, ചേലക്കര, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിൽ മതമൗലികവാദ സംഘടനകളെയും ഭീകരസംഘടനകളെയും പരസ്യമായി കൂട്ടുപിടിച്ചത് പൊതുജനം മനസ്സിലാക്കി കഴിഞ്ഞു. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്ത് വരുകയും ബിജെപിക്ക് മതേതര മുഖം ലഭിക്കുകയും ചെയ്യുന്നതാണ് മതമൗലികവാദ സംഘടനകളെ ചൊടിപ്പിക്കുന്നത്. അതിനാലാണ് സഭ നടത്തുന്ന സമരങ്ങളെ ഹൈജാക്ക് ചെയ്ത് നുഴഞ്ഞുകയറി ബിജെപിക്കെതിരായ ആയുധമാക്കുന്നത്.
മുനമ്പത്ത് 600 കുടുംബങ്ങൾ നീതിക്കായി പോരാടുന്നുണ്ട്. വഖഫ് ഭേദഗതി പാടില്ലെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതും കോൺഗ്രസും മുസ്ലിം ലീഗുമാണ്. ഇത്രയും പറഞ്ഞിട്ടും അവരാണ് ക്രൈസ്തവ സ്നേഹം പറയുന്നത്. ഭാരതീയ ജനത പാർട്ടിയേയ്ക്കാണ് മതേതര നിലപാട് സ്വീകരിക്കാൻ ഉള്ള ധൈര്യം. പാർട്ടിയുടെ കമ്മിറ്റികളും ഭാരവാഹികളും നിലപാടുകളും പരിശോധിച്ചാൽ ആരായാലും അതിന്റെ തെളിവ് കിട്ടും.
രാജ്യസ്നേഹികളായ മുഴുവൻ ഇസ്‍ലാം മത വിശ്വാസികളെയും ബി.ജെ.പി കൂടെ നിർത്താൻ ആഗ്രഹിക്കുന്നു. അതുപോലെ രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നിലപാടും സ്വീകരിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് സുമിത് ജോർജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.