കോന്നി: ക്രൂരമായ മർദനം സഹിക്കാൻ വയ്യാതെയാണ് നാട് വിട്ടതെന്ന് നൗഷാദ്. ഒന്നര വർഷം മുമ്പ് തന്നെ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചിരുന്നു. ഇതിൽ സഹികെട്ടാണ് വീട് വിട്ടതെന്ന് കൂടൽ പൊലീസ് സ്റ്റേഷനിലെത്തിച്ച നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. അഫ്സാനയുമായുള്ള കുടുംബ ജീവിതത്തിൽനിന്നും എങ്ങനെയെങ്കിലും ഒഴിവായാൽ മതിയെന്നും കോടതി നടപടികൾ പൂർത്തിയായ പാടത്തെ വീട്ടിൽ പോകുമെന്നും പിന്നീട് തൊടുപുഴയിലേക്ക് മടങ്ങുമെന്നും നൗഷാദ് പറഞ്ഞു.
നൗഷാദിനെ കൂടൽ സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ റാന്നി കോടതിയിൽ ഹാജരാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടു.
നൗഷാദ് തിരോധാനം സംബന്ധിച്ച കേസുകൾ അവസാനിപ്പിച്ചതായും അന്വേഷണം വഴിതെറ്റിച്ചതിന് അഫ്സാനക്ക് എതിരെ കേസ് നിലനിൽക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഡിവൈ.എസ്.പി. ടി. രാജപ്പൻ റാവുത്തർ പറഞ്ഞു.
കോന്നി: ഒന്നര വർഷം മുമ്പ് കാണാതായ മകനെ ജീവനോടെ തിരിച്ച് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് നൗഷാദിന്റെ മാതാപിതാക്കളായ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ അഷ്റഫ്, സൈതുയിൻ ബീവി ദമ്പതികൾ പറഞ്ഞു. കൂടൽ പൊലീസ്റ്റേഷനിൽ എത്തിച്ച നൗഷാദിനെ കൂട്ടിക്കൊണ്ടുപോകാനാണ് ഇരുവരും എത്തിയത്. തങ്ങളോടും സുഹൃത്തുക്കളോട് പോലും വീട്ടിലെ ബുദ്ധിമുട്ടുകൾ മകൻ പറഞ്ഞിരുന്നില്ല.
അഫ്സാനയും വീട്ടുകാരും സുഹൃത്തുക്കളും മകനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. നൗഷാദിന്റെ ഒരു പല്ല് നഷ്ടപ്പെട്ടത് ക്രൂരമായ മർദനം ഏറ്റതിന് തെളിവാണ്. കേസ് രജിസ്റ്റർ ചെയ്ത നാൾ മുതൽ പൊലീസും മാധ്യമങ്ങളും മികച്ച രീതിയിൽ സഹകരിച്ചുവെന്നും അഷ്റഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.