കൊച്ചി: നടി നൽകിയ ലൈംഗികാതിക്രമക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആരോപിക്കുന്ന സംഭവം നടന്നിട്ട് 17 വർഷത്തിന് ശേഷമാണ് പരാതി നൽകുന്നതടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സ്ത്രീകൾക്ക് മാത്രമല്ല, പുരുഷനും അന്തസ്സും മാന്യതയും ഉണ്ടെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു. 2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിലാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയ ശേഷം തന്നെയും കൂട്ടുകാരിയെയും ഹരജിക്കാരൻ ഹോട്ടലില്‍ വിളിച്ചു വരുത്തിയും പീഡിപ്പിച്ചെന്നുമായിരുന്നു നടിയുടെ ആരോപണം.
എന്നാൽ, 2007ൽ സംഭവം നടന്നുവെന്ന് പറഞ്ഞാണ് ഇപ്പോൾ വ്യാജ പരാതി നൽകിയിരിക്കുന്നതെന്നാണ് ബാലചന്ദ്രമേനോന്‍റെ വാദം. ഈ വാദം പരിഗണിച്ച് ഹരജിക്കാരന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാൽ ഹരജി അനുവദിക്കരുതെന്ന് മുൻകൂർ ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, പരാതി 17 വർഷം വൈകിയത് പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. 40 സിനിമ ചെയ്ത ചലച്ചിത്രകാരനും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത വ്യക്തിയാണ് ഹരജിക്കാരൻ. രണ്ട് ദേശീയ അവാർഡും നേടിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.