‘നോർക്ക കെയർ’ പ്രവാസി ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: ‘നോര്‍ക്ക കെയര്‍’ പ്രവാസി ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി വഴിയുള്ള ചികിത്സ സൗകര്യം ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെയുള്ള ആശുപത്രികളിൽ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോര്‍ക്ക കെയ’റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ നിരക്ക് പ്രീമിയത്തിലൂടെ രാജ്യത്തെ 16,000ത്തോളം ആശുപത്രികള്‍ വഴിയാണ് കാഷ് ലെസ് ചികിത്സ ഉറപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ കഠിനാധ്വാനവും ത്യാഗവുമാണ് നാടിന്റെ പുരോഗതിക്ക് സഹായകം. അവരെ ചേർത്തുപിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക, അവർക്ക് ആവശ്യമായ സേവനങ്ങൾ സമയോചിതമായി നൽകുക എന്നീ കാര്യങ്ങളിൽ കേരളം മികച്ച മാതൃകയാണ്. 2016ന് മുമ്പ് പ്രവാസി ക്ഷേമത്തിന് 13 പദ്ധതികൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴത് 20 ആയി വർധിച്ചു. ബജറ്റിൽ വിവിധ പ്രവാസി ക്ഷേമപദ്ധതികൾക്ക് നേരത്തെ 25 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിൽ ഈ സാമ്പത്തിക വർഷം 150 കോടിയായി ഉയർത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 22 വരെ നീളുന്ന നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന് ഡ്രൈവിനും തുടക്കമായി.
നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പും പ്രകാശനം ചെയ്തു. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുള്ള ഇ-കാര്‍ഡ് അബൂദബി ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി എം.എസ്. സുമേഷിന്റെ ഭാര്യ പ്രവീണക്ക് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന് കൈമാറി. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍ സ്വാഗതവും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അജിത് കോളശ്ശേരി നന്ദിയും പറഞ്ഞു. ലോകകേരള സഭ ഡയറക്ടര്‍ അസിഫ് കെ. യൂസുഫ്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ, എന്‍.ആര്.ഐ (കെ.) കമീഷന് ചെയര്പേഴ്സൻ ജസ്റ്റിസ് (റിട്ട.) സോഫി തോമസ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്മാന് ഗഫൂര്‍ പി. ലില്ലിസ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ ഗിരിജ സുബ്രമണ്യന്‍ എന്നിവരും സംബന്ധിച്ചു.
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിലെ ‘ഒഴിഞ്ഞ കസേര’ വിവാദത്തിന് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി ഉദ്ഘാടന ചടങ്ങിനെത്തിയ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രിയുടെ മറുപടി. ഇത്രയും പേർ ഒത്തുകൂടാൻ തയാറായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ‘ഒഴിഞ്ഞ കസേര’ കാണാത്തതിൽ ചിലർക്ക് പ്രയാസം കാണുമെന്ന് പരിഹസിച്ചപ്പോൾ സദസ്സിൽ ചിരിയും കൈയടിയും മുഴങ്ങി.
തിരുവനന്തപുരം: പ്രവാസികൾക്ക് മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് ‘നോര്‍ക്ക കെയര്‍’. നവംബർ ഒന്ന് മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ ലഭ്യമാകും. കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16,000ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് കാഷ് ലെസ് ചികിത്സ ഉറപ്പാക്കും. പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് ലഭിക്കുക. ഭർത്താവ്, ഭാര്യ, 25 വയസ്സ് വരെയുള്ള രണ്ട് കുട്ടികൾ എന്നിവർക്ക് 13,411 രൂപയാണ് ഇൻഷുറൻസ് പ്രീമിയം നിരക്ക്. ഒരു വ്യക്തിക്ക് 8,101 രൂപയും അധികമായി വരുന്ന കുട്ടിക്ക് 4,130 രൂപയുമാണ് പ്രീമിയം. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്.കെ ഐ.ഡി കാര്‍ഡുകളുള്ള 18നും 70 ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. പോളിസിയുടെ ഭാഗമായ ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പോളിസി പുതുക്കാനുള്ള സംവിധാനം ഒരുക്കും. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവിസ്) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.