57ാം റാങ്ക് നേടിയ ജെ.എസ്. ശ്രീജക്ക് അച്ഛൻ എം. ജയകുമാറും
അമ്മ കെ. ഷീജയും മുത്തം നൽകുന്നു
തിരുവനന്തപുരം: ‘‘മുറിയിൽ പുസ്തകം വെച്ച ഇരുമ്പ് തട്ട് കണ്ടോ, പുതിയതൊന്ന് വാങ്ങണമെന്ന് മകൾ പലവട്ടം പറഞ്ഞതായിരുന്നു. പണം തെകഞ്ഞില്ല, ഒടുവിൽ അവൾതന്നെ ചെലവ് മിച്ചംപിടിച്ചും അമ്മാവൻമാർ കൊടുക്കുന്നത് സ്വരൂക്കൂട്ടിയുമെല്ലാം 2500 രൂപ തികച്ച് വാങ്ങിയതാണ്...’’ പറഞ്ഞുതീരുമ്പോൾ ജയകുമാറിന്റെ കണ്ണ് നിറഞ്ഞിരുന്നു. തിരുവനന്തപുരം നരുവാംമൂട് വെള്ളാപ്പള്ളിയിലെ നിർമാണത്തൊഴിലാളി ജയകുമാറിന്റെയും ഷീജകുമാരിയുടെയും മകൾ ജെ.എസ്. ശ്രീജ നേടിയ, സിവിൽ സർവിസ് പരീക്ഷയിൽ നേടിയ 57ാം റാങ്ക് ഹൃദയകാരിയാകുന്നത് ഇതെല്ലാംകൊണ്ടാണ്. ജയകുമാർ ദിവസപ്പലിശക്ക് വായ്പയെടുത്ത 10,000 രൂപയുമായാണ് ശ്രീജ സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിന്റെ പടികയറിയത്. പണിതീരാത്ത വീട്ടിൽ പക്ഷേ, പഠനമുറി പെയിന്റ് അടിച്ചിട്ടുണ്ട്. ഇതേകുറിച്ച് ചോദിക്കും മുമ്പേ മകളെ ചൂണ്ടി ‘‘കഴിഞ്ഞ തിരുവോണത്തിന് ഞാനും ഇവളും കൂടിയാ പെയിന്റടിച്ച’’തെന്ന് ജയകുമാർ പറയുന്നു. ‘
‘ആളുകൾ വരുന്നതല്ലേ, വൃത്തിയായി കിടക്കേണ്ടതല്ലേ’’ എന്ന പിതാവിന്റെ വാക്കുകളിൽതന്നെ മാസങ്ങൾക്ക് മുമ്പേ വിജയമുറപ്പിച്ചതിന്റെ നിശ്ചയദാർഢ്യം. ആകെയുള്ള സ്വർണ ഉരുപ്പടി ഈടാക്കി കാർഷിക വായ്പയെടുത്തു. ഷീജകുമാരി കുടുംബശ്രീയിൽനിന്നും വായ്പയെടുത്തു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിവിൽ സർവിസ് മോഹമുണ്ടായതെന്ന് ശ്രീജ പറയുന്നു. മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിലായിരുന്നു ഡിഗ്രിയും പി.ജിയും. ഫോറിൻ സർവിസിലാണ് ഇപ്പോൾ താൽപര്യം. ഒരു സഹോദരനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.