ആലപ്പുഴ: ഏറെക്കാലമായി ഒരു ജനത സ്വപ്നം കാണുന്ന പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുകയാണ്. പെരുമ്പളം ദ്വീപിലെ 12,000 ജനങ്ങളുടെ യാത്രാക്ലേശത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. 106.7 കോടി മുടക്കിയാണ് പെരുമ്പളത്തിന്‍റെ ‘മഴവിൽ’ പാലം നിർമിച്ചത്. ഇപ്പോഴിതാ, പെരുമ്പളം പാലം യാഥാർഥ്യമായതിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. അക്കരെ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ അവസാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിന്‍റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് വിരിയട്ടെ എന്നും മമ്മൂട്ടി ആശംസിച്ചു.
രണ്ട് കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല. ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളവും ഒരു ഒറ്റപ്പെട്ടതുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിൽ എത്താൽ വൈകുന്ന ആകുലതകൾ. സമയത്തിന് ജോലിക്ക് പോകാൻ കഴിയാത്ത വേവലാതികൾ. ഒരു വിവാഹാലോചന വന്നാൽ പോലും അക്കരെ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ. ആ കാത്തിരിപ്പുകൾക്കും അവഗണകൾക്കും ഇപ്പോൾ അറുതിയാവുകയാണ്. എന്‍റെ നാട് ചെമ്പിന്‍റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ, ഇപ്പോൾ അവയെല്ലാം ഒരു നാടായി. സാധാരണക്കാരന്‍റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതാണ് യഥാർഥ വികസനം എന്ന് ഞാൻ വശ്വസിക്കുന്നു. ആ പാലത്തിന്‍റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകി തുടങ്ങും. പുതിയ വേഗത്തിൽ പുത്തൻ നിറങ്ങളോടെ.....
14 വാർഡുകളുള്ള പഞ്ചായത്താണ് പെരുമ്പളം ദ്വീപ്. ചേർത്തല-അരൂക്കുറ്റി റോഡിൽനിന്ന് പെരുമ്പളം ദ്വീപ് വഴി വൈക്കം- പൂത്തോട്ട- തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പെരുമ്പളം പാലം വരുന്നത്. 2019ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന് തറക്കല്ലിട്ടത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്. നേരത്തെ നാട്ടുകാരെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് ബോട്ട്, ജങ്കാർ സർവിസുകളാണ്. കൊച്ചി ഭാഗത്തേക്ക് പൂത്തോട്ട, സൗത്ത് പറവൂർ സർവിസുകളും ആലപ്പുഴയിലേക്ക് പാണാവള്ളി സർവിസും.
ആകെ ഏഴ് സർവിസ് ബോട്ടുകളും ഒരു ആംബുലൻസ് ബോട്ടുമുണ്ടായിരുന്നു. ഇനി അതെല്ലാം പഴങ്കഥയാകും. പാലത്തിന്‍റെ കിഴക്കേക്കരയായ പെരുമ്പളം ഭാഗത്ത് അപ്രോച്ച് റോഡ് ചതുപ്പ് പ്രദേശമായതിനാൽ എണ്ണായിരത്തോളം തെങ്ങിൻകുറ്റികൾ താഴ്ത്തിയും ചെമ്മണ്ണ് നിറച്ചുമാണ് ഭൂമി ഉയർത്തിയത്. അപ്രോച്ച് റോഡിന് ഭാവിയിൽ കേടുവരാതിരിക്കാനും വശങ്ങൾ സുരക്ഷിതമാക്കാനും ജിയോഗ്രിഡ്, ജിയോടെക്സ് ഉൾപ്പെടെ സംവിധാനങ്ങളുമുണ്ട്. പാലത്തിന്‍റെ രണ്ടറ്റത്തും അപ്രോച്ച് റോഡിന് 300 മീറ്റർ നീളവും 9.5 മീറ്റർ വീതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.