നോർക്ക അറ്റസ്റ്റേഷന്‍ : ഹോളോഗ്രാം, ക്യൂആർ കോഡ് ഉൾപ്പെടുത്തി നവീകരിക്കുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങൾ ഹോളോഗ്രാം, ക്യൂആർ കോഡ് എന്നീ സുരക്ഷാ മാർഗങ്ങൾകൂടി ഉൾപ്പെടുത്തി നവീകരിക്കാൻ നോർക്ക റൂട്ട്സ് തീരുമാനിച്ചു. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍ നടപടികൾ ഏപ്രിൽ 29 മുതല്‍ നിലവിൽ വരും. ഇതോടെ, സർട്ടിഫിക്കറ്റുകളിൻമേലുള്ള നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന്‍റെ സാധുത ക്യൂആർ കോഡ് റീഡറിന്‍റെ സഹായത്തോടെ പരിശോധിക്കാന്‍ കഴിയും.

പുതുക്കിയ അറ്റസ്റ്റേഷൻ സ്റ്റാമ്പിങ്ങിന്റെ മാതൃകയുടെ പ്രകാശനം നോര്‍ക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. രാജ്യത്ത് ആദ്യമായാണ് അറ്റസ്റ്റേഷൻ നടപടിക്രമങ്ങളിൽ ഇത്തരത്തിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതെന്നും ഇത് നോർക്ക അറ്റസ്റ്റേഷന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി പറഞ്ഞു.

നോർക്ക റൂട്ട്സിലെ ആതന്‍റിക്കേഷന്‍ ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി നിർമ്മിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്ന തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടക്കുന്ന തായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുത്തൻ സാങ്കേതികവിദ്യയിലൂടെ അറ്റസ്റ്റേഷൻ സ്റ്റാമ്പിംഗ് കൂടുതൽ സുരക്ഷിതമക്കാൻ നോർക്ക റൂട്ട്സ് നിർബന്ധിതമായത്.

നോർക്ക സെൻററിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം സർട്ടിഫിക്കറ്റ് ആതൻറിക്കേഷൻ ഓഫീസർ സുനിൽ കെ ബാബു, സെൻറർ മാനേജർ സഫറുള്ള, അസിസ്റ്റൻറ് മാനേജർ ജെൻസി ജോസി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - NORKA Attestation : Upgraded to include Hologram and QR Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.