തിരുവനന്തപുരം: ഉത്സവകാലത്ത് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഏഴ് ജില്ലകളിൽ സംസ്ഥാന സർക്കാർ ആരംഭിച്ച ക്രിസ്മസ്-പുതുവത്സര ചന്ത പ്രഹസനമാകുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം മൊത്തവിതരണക്കാര്‍ക്ക് നല്‍കേണ്ട കുടിശ്ശിക 800 കോടി കവിഞ്ഞതോടെ 13 ഇന സബ്സിഡി സാധനങ്ങളിൽ പകുതിപോലും ചന്തകളിൽ എത്തിയില്ല.
മുൻവർഷങ്ങളിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര ചന്ത ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലേക്ക് ഭക്ഷ്യവകുപ്പ് ഒതുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം പുത്തരിക്കണ്ടത്തെ ചന്തയിൽപോലും ആകെയുള്ളത് ഏഴ് സബ്സിഡി സാധനങ്ങൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സബ്സിഡി സാധനങ്ങൾ ഉള്ളതും ഇവിടെ മാത്രമാണ്. ലഭ്യമായവ കാർഡുടമകൾക്ക് വിതരണം ചെയ്യുന്നതാകാട്ടെ പ്രഖ്യാപിച്ചതിലും താഴ്ന്ന അളവിൽ മാത്രം.
മുളക്, മല്ലി, ചെറുപയർ, തുവരപരിപ്പ്, വെളിച്ചെണ്ണ, മട്ട അരി, ജയ അരി എന്നിവയാണ് പുത്തരിക്കണ്ടത്തെ ചന്തയിലുള്ളത്. ഇതിൽ അരക്കിലോ മുളക് നൽകുമെന്ന് സർക്കാർ പറയുമെങ്കിലും കാർഡുടമക്ക് ലഭിക്കുന്നത് 250 ഗ്രാം മാത്രം. ഒരുകിലോ വീതം നൽകേണ്ട മല്ലി, ചെറുപയർ, തുവരപരിപ്പ് എന്നിവ അരക്കിലോ കവറുകളിലാണ്. അഞ്ച് കിലോ അരി നൽകേണ്ടിടത്ത് കാർഡുമടക്ക് നൽകുന്നത് മൂന്ന് കിലോ മാത്രം. വെളിച്ചെണ്ണക്ക് സബ്സിഡി തുകയും ചേർത്ത് 141 രൂപയാണ് വാങ്ങുന്നത്. ഇത് പൊതുവിപണിയേക്കാളും കൂടുതലാണെന്ന ആക്ഷേപം ശക്തമാണ്. പഞ്ചസാര, പച്ചരി, കുറുവ അരി, കടല, വൻപയർ, ഉഴുന്ന് എന്നിവയൊന്നും സപ്ലൈകോയുടെ സ്റ്റോറുകളിൽപോലുമില്ല. ചന്തകൾ ആരംഭിച്ചതോടെ സപ്ലൈകോ ഔട്ട്ലെറ്റുകളിലുണ്ടായിരുന്ന ബാക്കി സാധനങ്ങൾ എത്തിച്ചാണ് ജീവനക്കാർ മാനം കാക്കുന്നത്.
സാധനങ്ങൾ നൽകിയ വകയിൽ വിതരണക്കാർക്ക് 800 കോടി നൽകാനുള്ളപ്പോൾ ക്രിസ്മസിനോടനുബന്ധിച്ചുള്ള വിപണി ഇടപെടലിനായി കേവലം 17.63 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പണം നൽകാതെ വന്നതോടെ സപ്ലൈകോക്ക് സാധനങ്ങൽ നൽകുന്ന ഫുഡ് ഗ്രെയിൻസ് പൾസസ് ആൻഡ് സ്പൈസസ് സപ്ലൈയേഴ്സ് അസോസിയേഷൻ (എഫ്.ജി.പി.എസ്.എസ്.എ) ഇ-ടെൻഡറുകൾ പൂർണമായി ബഹിഷ്കരിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സാധനങ്ങൾ ഇല്ലാത്തത് സപ്ലൈകോയുടെ വിറ്റുവരവിനെയും വൻതോതിൽ ബാധിച്ചിട്ടുണ്ട്. ഉത്സവകാലത്തുപോലും സപ്ലൈകോക്ക് ധനവകുപ്പ് മതിയായ പണം അനുവദിക്കാത്തതിൽ സി.പി.ഐയും സപ്ലൈകോയുടെ ഭരണാനുകൂല സംഘടനകളും കടുത്ത അതൃപ്തിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.