ശിക്ഷയിളവ് പട്ടികയില്‍ ടി.പി വധക്കേസ്  പ്രതികള്‍ വരില്ല –മുഖ്യമന്ത്രി



തിരുവനന്തപുരം: നിയമപരമായി സര്‍ക്കാര്‍ ശിക്ഷയിളവ് നല്‍കാന്‍ തയാറാക്കിയ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ വരില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍െറ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ടി.പി കേസിലെ പ്രതികള്‍ ശിക്ഷയിളവിനുള്ള പട്ടികയിലുണ്ടോയെന്ന് തനിക്കറിയില്ല. അനധികൃതമായി ആരുടെയും ശിക്ഷ ഇളവുചെയ്യാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിട്ടുമില്ല. യു.ഡി.എഫ്സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ തുടരുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ശിക്ഷയിളവിന് പരിഗണിക്കുമ്പോള്‍ വാടകക്കൊലയാളികളെ ഒഴിവാക്കുമെന്നതാണ് മാനദണ്ഡം. ഇപ്പോള്‍ സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ ഒരു മാനദണ്ഡവ്യതിയാനവുമില്ല. ക്രിമിനല്‍ നടപടിചട്ടപ്രകാരം ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവര്‍ 14 വര്‍ഷം ശിക്ഷ അനുഭവിക്കണം. എന്നാല്‍, ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല. 

ജീവപര്യന്തംശിക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇളവ് നല്‍കാനുള്ള സര്‍ക്കാറിന്‍െറ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചത്. പുറത്തുവിടാനുള്ളവരുടെ പട്ടികയില്‍ ടി.പി കേസ് പ്രതികളുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. നിങ്ങളെങ്ങനെ നിങ്ങളായെന്ന് മറക്കരുതെന്ന തിരുവഞ്ചൂര്‍ ഉപദേശത്തിന് ഞങ്ങളെ ഞങ്ങളാക്കിയവരെ ഒരിക്കലും മറക്കില്ളെന്ന് പിണറായി മറുപടിയും നല്‍കി. 
വാടകക്കൊലയാളികള്‍, ജാതി-മതപ്രശ്നങ്ങള്‍ ഉയര്‍ത്തുകയും രാജ്യസുരക്ഷക്ക് ഭീഷണിയുണ്ടാക്കുകയും ചെയ്തവര്‍, കള്ളക്കടത്ത് നടത്തുമ്പോഴുള്ള കൊലപാതകം, ഒൗദ്യോഗിക കടമനിര്‍വഹണത്തിനിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊലചെയ്യുക, ലഹരിമരുന്ന് ഉപയോഗിച്ചശേഷം കൊലപാതകം നടത്തുക, ലൈംഗികപീഡനത്തിനുശേഷം കൊലപാതകം നടത്തുക, അയല്‍സംസ്ഥാന കോടതികള്‍ ശിക്ഷവിധിച്ചവര്‍ എന്നിവര്‍ക്ക് ശിക്ഷയിളവ് നല്‍കേണ്ടതില്ളെന്ന മാനദണ്ഡത്തിന്‍െറ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ചലച്ചിത്രതാരം ശ്വേത മേനോന് ഉണ്ടായ അനുഭവം ആരും മറന്നിട്ടില്ല. പരാതി നല്‍കിയപ്പോള്‍ കേസെടുക്കുന്നതിനുപകരം അവര്‍ക്കെതിരെ പ്രതിഷേധമാണ് നടത്തിയത്. മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ചത് ഗൗരവമായി കണ്ടുതന്നെ നടപടി എടുത്തിട്ടുണ്ട്. ഗുണ്ടനിയമപ്രകാരം സംസ്ഥാനത്ത് 171പേര്‍ക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു. മുന്‍ നിയമസഭാംഗത്തിന് കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് നേരിട്ട അനുഭവം കൈരളി ചാനല്‍ സംപ്രേഷണം ചെയ്തത് ആരും മറന്നിട്ടില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 

News Summary - no relaxation for tp case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.