കോഴിക്കോട്: രാഷ്ട്രീയ പാർട്ടികൾ ആരൊക്കെയായി കൂട്ടുകൂടണമെന്നും ആരെയൊക്കെ ചേർക്കണമെന്നും സമസ്തക്ക് അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ. സമസ്ത നൂറാം വാർഷിക പരിപാടികൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി ഏത് പാർട്ടിയുമായി ചേരണമെന്ന് തീരുമാനിക്കുന്നത് അവരുടെ കാര്യമാണ്. അവരെ കൂടെകൂട്ടണമോ എന്നത് മറ്റു പാർട്ടികൾ തീരുമാനിക്കേണ്ട കാര്യവുമാണ്. അതിലൊന്നും സമസ്ത അഭിപ്രായം പറയേണ്ട കാര്യമില്ല. ജമാഅത്തെ ഇസ്ലാമിയുമായുള്ളത് പാരമ്പര്യമായി തുടരുന്ന ആശയഭിന്നതയാണ്.
അതിനെ രാഷ്ട്രീയമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് പറയാനും ചെയ്യണ്ട എന്ന് പറയാനും ഞങ്ങൾ പോയിട്ടില്ല. മുക്കം ഉമ്മർ ഫൈസി ഇതിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് അയാളോട് ചോദിക്കണമെന്ന് ജിഫ്രി തങ്ങൾ പ്രതികരിച്ചു.
സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. നൂറാം വാർഷിക പരിപാടികളിൽ എല്ലാവരും പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരിയിൽ കാസർകോട് നടക്കുന്ന നൂറാം വാർഷിക സമ്മേളന പ്രചാരണാർഥം ഈ മാസം 19 മുതൽ 28 വരെ കന്യാകുമാരി മുതൽ മംഗളൂരു വരെ തന്റെ നേതൃത്വത്തിൽ ശതാബ്ദി സന്ദേശ യാത്ര സംഘടിപ്പിക്കും. ‘തഹിയ്യ’ ഫണ്ട് സമാഹരണം 46.25 കോടിയിൽ എത്തിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.