തിരുവനന്തപുരം: എം.ആർ അജിത്കുമാറിനെതിരെ തുടരന്വേഷണത്തിന് ഹൈകോടതി അനുമതി നൽകിയില്ല. സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങി തുടരന്വേഷണത്തിനായി കേസിലെ ഹരജിക്കാരനായ അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജിന് വീണ്ടും പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈകോടതി നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എം.ആർ അജിത് കുമാറിനും ആശ്വാസം നൽകുന്നതാണ് ഹൈകോടതി ഉത്തരവ്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്സൈസ് കമീഷണറും എ.ഡി.ജി.പിയുമായ എം.ആർ. അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തുടർനടപടിക്ക് ഉത്തരവിട്ടത് സർക്കാറിന്‍റെ മുൻകൂർ അനുമതി തേടിയ ശേഷമാണോയെന്ന് ഹൈകോടതി ചോദിച്ചിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ തുടർ നടപടി സ്വീകരിക്കും മുമ്പ് മുൻകൂർ അനുമതി തേടണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം ആരാഞ്ഞത്.
നേരത്തെ നെയ്യാറ്റിൻകര പി. നാഗരാജിന്റെ പരാതിയിലാണ് വിജിലൻസ് കോടതി എ.ഡി.ജി.പിക്കെതിരെ തുടർ നടപടിക്ക് ഉത്തരവിട്ടത്. എം.എൽ.എ ആയിരുന്ന പി.വി. അൻവർ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ്, ആരോപണത്തിൽ കഴമ്പില്ലെന്നാണ് റിപ്പോർട്ട് നൽകിയതെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ അറിയിച്ചു. അന്വേഷണം നടത്തിയത് സംസ്ഥാന പൊലീസ് മേധാവിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെന്നായിരുന്നു മറുപടി. ഉന്നത ഉദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണം എങ്ങിനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.
എ.ഡി.ജി.പിയെ സംരക്ഷിക്കാൻ അദൃശ്യശക്തി പ്രവർത്തിച്ചെന്ന് നിരീക്ഷിച്ചാണ് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം. മനോജ് അന്വേഷണ റിപ്പോർട്ട് തള്ളിയത്. കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയ കോടതി, അന്തിമ റിപ്പോര്‍ട്ടിലെ മുഖ്യമന്ത്രി അംഗീകരിച്ചെന്ന പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രി വിജിലന്‍സിന്റെ ഭരണത്തലവന് മാത്രമാണെന്നും അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ഇടപെടാന്‍ രാഷ്ട്രീയ ഉന്നതര്‍ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതുൾപ്പടെ ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാറും വിജിലൻസ് കോടതി പരാമർശങ്ങൾക്കെതിരെ ഹൈകോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.