തൃശൂർ: വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ലാപ്ടോപ് ലഭ്യമാക്കാൻ ആരംഭിച്ച 'വിദ്യാശ്രീ' പദ്ധതിയിൽ ടെൻഡറിൽ പങ്കെടുക്കാൻ കമ്പനികളില്ല. കുടുംബശ്രീ മിഷനും കെ.എസ്.എഫ്.ഇയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 500 രൂപ വീതം 30 മാസതവണകളായടച്ച് 15,000 രൂപ വരുന്ന സമ്പാദ്യ പദ്ധതിയാണിത്. ആദ്യ മൂന്നുതവണ അടക്കുമ്പോൾ ലാപ്ടോപ് ലഭിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 75 ശതമാനം കുടുംബങ്ങളും കുടുംബശ്രീ സംവിധാനത്തിെൻറ ഭാഗമായതിനാലാണ് 1500 രൂപ അടക്കുമ്പോൾ ലാപ്ടോപ് ലഭ്യമാക്കാൻ തീരുമാനിച്ചത്. എന്നാൽ, ടെൻഡർ ക്ഷണിച്ചപ്പോൾ കമ്പനികളിൽനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല.
മൂന്ന് കമ്പനികൾ എത്തിയെങ്കിലും ഇതിൽ രണ്ട് കമ്പനികൾ ചർച്ചയുടെ അവസാനമെത്തിയപ്പോൾ ടെൻഡറിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. ഒരു കമ്പനിയാവട്ടെ നിബന്ധനകളോട് പലതിലും എതിർപ്പ് അറിയിച്ചെങ്കിലും പിന്മാറിയിട്ടില്ല. എന്നാൽ, ടെൻഡർ നടപടിക്രമം പാലിക്കാതെ ഒരു കമ്പനിക്ക് മാത്രമായി കരാർ നൽകാനാവാത്തത് ഐ.ടി മിഷനെ പ്രതിസന്ധിയിലാക്കി. വിദ്യാശ്രീ ചിട്ടിയാവട്ടെ മൂന്നുമാസം പിന്നിടുകയും ചെയ്തു.
ഐ.ടി മിഷനാണ് ടെൻഡർ നടപടികൾ സ്വീകരിക്കുന്നത്. മതിയായ പങ്കാളിത്തമില്ലാത്തതിനാൽ നേരേത്ത നടത്തിയ ടെൻഡറുകൾ അസാധുവായതോടെ ഇനി റീടെൻഡർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിന് നടപടികൾ ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് വന്നതോടെ വീണ്ടും പ്രതിസന്ധിയിലായി.
ലാപ്ടോപ് ലഭ്യമാക്കാൻ കാലതാമസം നേരിടുമെന്ന് കുടുംബശ്രീ ഡയറക്ടർ ജില്ല മിഷൻ കോഓഡിനേറ്റർമാരെ അറിയിച്ചു. വിദ്യാശ്രീ ചിട്ടിയിൽ 6,70,156 അയൽക്കൂട്ടാംഗങ്ങളാണ് ചേർന്നിട്ടുള്ളത്. ഇതിൽ 5,12,561 പേരാണ് ലാപ്ടോപ് ആവശ്യപ്പെട്ടത്. 15,000 രൂപയിൽ താഴെയാണ് വില കണക്കാക്കുന്നത്.
വില കഴിഞ്ഞുള്ള തുകയും പലിശയും ചേർത്ത് ചിട്ടിയുടെ അടവ് തീരുമ്പോൾ അംഗങ്ങൾക്ക് തിരികെ ലഭിക്കും. ചിട്ടി കൃത്യമായി അടക്കുന്നവർക്ക് പത്താം തവണയും 20ാം തവണയും തവണത്തുകയായ 500 രൂപ വീതം അടക്കേണ്ടതില്ല. ഇത് കെ.എസ്.എഫ്.ഇ അടക്കും. തവണസംഖ്യ കൃത്യമായി അടക്കുന്നവർക്ക് പുതുതായി ആരംഭിക്കുന്ന സമാനമായ പദ്ധതിയിൽ ചേരാൻ ആദ്യ തവണസംഖ്യയായ 500 രൂപ കെ.എസ്.എഫ്.ഇ ഇളവ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.