പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ കൈയേറ്റം ചെയ്തു

തിരുവല്ല: പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലീസ് സേനക്ക് നാണക്കേടായി തമ്മിൽ തല്ല്. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവല്ലയിൽ പങ്കെടുത്ത എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പൊലീസുകാർ തമ്മിലടിച്ചത്. പരിപാടിയുടെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എച്ച്.ഒയെ ഡ്യൂട്ടിക്കില്ലാതെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രബേഷൻ എസ്.ഐയാണ് കൈയേറ്റം ചെയ്തത്.

പത്തനംതിട്ട കൊടുമൺ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരനാണ് മർദനമേറ്റത്. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രബേഷൻ എസ്.ഐ ചെങ്ങന്നൂർ കല്ലിശേരി കിടങ്ങൂർ വീട്ടിൽ കൃഷ്ണ മോഹനെ ഒന്നാം പ്രതിയാക്കി തിരുവല്ല പൊലീസ് കേസെടുത്തു. ഇയാളോടൊപ്പം സംഘർഷത്തിന് കൂട്ടുനിന്ന സഹോദരങ്ങളായ ജിഷ്ണു മോഹൻ, ജിത്ത് മോഹൻ എന്നിവരെയും കേസിൽ പ്രതി ചേർത്തു. ശനിയാഴ്ച വൈകിട്ട് 4.30 നായിരുന്നു സംഭവം. ഈ സമയം പ്രധാനമന്ത്രി വേദിയിൽ പ്രസംഗിക്കുകയായിരുന്നു.

പ്രധാനമന്ത്രി വേദിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ സുരക്ഷ മുൻ നിർത്തി ആരെയും പരിപാടി കഴിയും വരെ വേദിക്ക് പുറത്തേക്ക് വിടാറില്ല. ഈ സമയം എസ്.ഐയും സഹോദരങ്ങളും പുറത്തേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷ മുൻനിർത്തി പുറത്തേക്ക് പോകാൻ പാടില്ലെന്ന് എസ്.എച്ച്.ഒ അറി‍യിച്ചതോടെ വാക്കേറ്റമായി. എന്നാൽ താൻ പൊലീസിലാണെന്നും എസ്.ഐ ആണെന്നും പറഞ്ഞ് സംഘർഷമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഇവർ എസ്.എച്ച്.ഒയെ മർദിക്കുകയായിരുന്നു. എസ്.എച്ച്.ഒയുടെ കൈകൾ പിടിച്ചുവലിച്ചു തള്ളിയിടുകയും നെയിം പ്ലേറ്റ് വലിച്ചു കീറുകയും ചെയ്തു എസ്.എച്ച്.ഒയെ തള്ളിയിട്ടതിനാണ് കേസെടുത്തത്. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. എസ്.പി.ജി സംഘവും സ്ഥലത്തെത്തിയിരുന്നു.

സംഘർഷം നടക്കുമ്പോൾ എസ്.ഐയും സംഘവും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് ആസ്ഥാനത്തിന് സമീപം ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷം കേസിൽ സേനക്കാ ആകെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സേനയിലെ അച്ചടക്കം ചോദ്യം ചെയ്യപ്പെടുന്നതിനിടയിലാണ് മൂന്ന് ദിവസത്തിനുള്ളിൽ സമാനമായ സംഭവം അരങ്ങേറിയത്. അതീവ സുരക്ഷാ മേഖലയിൽ മുതിർന്ന ഉദ്യോഗസ്ഥനെ ജൂനിയർ ഉദ്യോഗസ്ഥൻ പരസ്യമായി ആക്രമിച്ചത് ഗുരുതരമായ സുരക്ഷ വീഴ്ചയാണെന്നും സേനക്കുള്ളിൽനിന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Tags:    
News Summary - A probation SI assaulted an SHO who was on security duty during an event attended by the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.