സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടിയിൽ മുൻമന്ത്രി എം.എ. ബേബി കേക്കു മുറിച്ച കുട്ടികളുമായി സന്തോഷം പങ്കിടുന്നു
തിരുവനന്തപുരം: വെൺമയുള്ള കുഞ്ഞുടുപ്പിനേക്കാൾ നിർമ്മലമായിരുന്നു അവരുടെ ഹൃദയങ്ങൾ. ക്രിസ്മസ് പാപ്പാകളായി തൊപ്പിയും തൂവെള്ള ഉടുപ്പുകളുമണിഞ്ഞ് അവർ ഒരുങ്ങി നിന്നു. മുഖത്ത് ആഘോഷത്തിൻറെ ആവേശവും ആഹ്ലാദവും. ബലൂണുകളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമൊരുങ്ങിയ ഹാളിൽ മേശ പ്പുറത്ത് കേക്ക് കൂടിയെത്തിയതോടെ ചിലർ പിടിവിട്ടുപോയി.
പൂൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ് പാപ്പയും കുരുന്നുകളുടെ കണ്ണിൽ നക്ഷത്രത്തിളക്കമേകി. വർണാഭമായ ഉടുപ്പുകളണിഞ്ഞ് കുഞ്ഞു സുന്ദരന്മാരും സുന്ദരിമാരും അണിനിരന്ന സായാഹ്നം ശിശുക്ഷേമ സമിതിയിൽ പുതിയൊരു സ്വർഗം തീർത്തു. സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷ ചടങ്ങിലായിരുന്നു ഈ വേറിട്ട അനുഭവം.
നാലു വയസു മുതൽ പതിനേഴു വയസു വരെയുള്ള കുസൃതി കുടുക്കകളുടെ ചിരികളിൽ അലിഞ്ഞ് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം എ ബേബി ആണ് കേക്കു മുറിച്ചത്. കുരുന്നുകൾക്ക് കേക്കും മിഠായിയും യഥേഷ്ടം വിളമ്പി ബേബിയായി എം എ ബേബിയും.
നൂറിലധികം ഇളം പ്രായക്കാരാണ് അമ്മമാരുടെ കൈപിടിച്ച് ക്രിസ്മസ് ആഘോഷിച്ചത്. സന്തോഷ പെരുമഴക്കിടെ അങ്ങിങ്ങ് ബലൂണുകൾ പൊട്ടുന്ന ശബ്ദം. ചിലർ കിണുങ്ങി തുടങ്ങിയപ്പോൾ എം.എ ബേബിയും ജനറൽസെക്രട്ടറിയും ക്രിസ്മസ് പാപ്പായും അമ്മമാരും മിഠായിയും കേക്കും നൽകി ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.