മൂലമറ്റം: ‘ബഹുമാനപ്പെട്ട വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അറിയുന്നതിന്... ഞാൻ പൂമാല ഗവ. ട്രൈബൽ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ്. വർഷങ്ങളായി ഞങ്ങൾക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പ്രഭാതഭക്ഷണം ലഭിച്ചുകൊണ്ടിരുന്നതാണ്.
എന്നാൽ, ഇക്കഴിഞ്ഞ ജൂൺ മുതൽ പ്രഭാതഭക്ഷണം ലഭിക്കുന്നില്ല. ഞങ്ങളുടെയൊക്കെ വീട്ടിൽ പ്രഭാതഭക്ഷണം ലഭിക്കാറില്ല. സ്കൂളിൽനിന്ന് ലഭിക്കുന്നത് ഏറെ ആശ്വാസമായിരുന്നു. ആയതിനാൽ ചേച്ചിമാർക്ക് പണം നൽകി ഞങ്ങൾക്ക് മുടക്കംകൂടാതെ പ്രഭാതഭക്ഷണം ലഭിക്കാൻ പ്രിയപ്പെട്ട പ്രസിഡന്റിന്റെ സഹായവും ഇടപെടലും ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു’. ആറുമാസമായി പ്രഭാതഭക്ഷണം ലഭിക്കാതെ പ്രയാസപ്പെടുന്ന 200 വിദ്യാർഥികളെ പ്രതിനിധീകരിച്ച് തങ്ങളുടെ പ്രയാസം വിവരിച്ച് ആറാം ക്ലാസ് വിദ്യാർഥിനി എഴുതിയ കത്താണിത്.
വെള്ളിയാമറ്റം പഞ്ചായത്തിലെ 200 വിദ്യാർഥികളാണ് ആറ് മാസത്തോളമായി പ്രഭാത ഭക്ഷണമില്ലാതെ വലയുന്നത്. പൂമാല, പൂച്ചപ്ര, നാളിയാനി, കരിപ്പലങ്ങാട് സ്കൂളുകളിൽ അർഹരായ 200 പട്ടിക വിദ്യാർഥികളാണുള്ളത്. ഓരോ സ്കൂളിലും വൻ തുക കുടിശ്ശികയുണ്ട്.
പട്ടികവർഗ വിദ്യാർഥികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മറികടക്കുക, പഠനരംഗത്തെ ഉണർവ് തുടങ്ങി ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അമൃതം എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. എൽ.പി, യു.പി വിഭാഗത്തിലെ വിദ്യാർഥികൾക്കായിരുന്നു പ്രഭാത ഭക്ഷണം നൽകിവന്നിരുന്നത്. പ്രഭാതഭക്ഷണം നിലച്ചതോടെ ഉച്ചവരെ വിദ്യാർഥികൾ പട്ടിണിയാവുന്ന സ്ഥിതിയാണ്.
പൊതുപ്രവർത്തന ജീവിതത്തിലെ ഏറ്റവും വിഷമകരമായ അവസ്ഥയാണ് പട്ടികവർഗ വിദ്യാർഥികളുടെ ഭക്ഷണം മുടങ്ങി എന്നത്. സംഭവത്തിന്റെ ഗൗരവം മനുഷ്യാവകാശ കമീഷനെയും ബാലാവകാശ കമീഷനെയും ധരിപ്പിച്ച് എത്രയും വേഗം പരിഹാരം കാണും. പിന്നാക്ക മേഖലയായ വെള്ളിയാമറ്റം പഞ്ചായത്തിൽ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് ഇല്ലായിരുന്നെങ്കിൽ ഈ ദുരവസ്ഥ വരില്ലായിരുന്നു. അടിയന്തര ഇടപെടൽ തീർച്ചയായും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.