കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ വീണ്ടും ചർച്ച ഉയർത്തിയ എറണാകുളം ഡി.സി.സി പ്രസിഡന്റും കൊച്ചി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ മുഹമ്മദ് ഷിയാസിനെതിരെ ജില്ലയിലെ മുതിർന്ന നേതാക്കൾ. ഇതോടെ ഷിയാസ് പ്രസ്താവനയിനിന്ന് പിൻവാങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരം മുറുകിയെന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്ന് വേണമെന്നായിരുന്നു ഷിയാസിന്റെ പ്രസ്താവന. ഇതിനെതിരെ സംസ്ഥാന നേതാക്കൾക്ക് പുറമെ ജില്ലയിലെ മുതിർന്ന നേതാക്കളായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ എന്നിവർ രംഗത്തുവന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന വിഷയത്തിൽ ‘പ്രാദേശിക നേതാക്കൾ’ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ. ബാബു പറഞ്ഞു.
എം.എൽ.എമാരുടെ കൂടി അഭിപ്രായം ആരാഞ്ഞ് ഹൈകമാൻഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതാണ് കോൺഗ്രസ് പിന്തുടരുന്ന രീതി. കോൺഗ്രസ് മുഖ്യമന്ത്രി വേണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷിയാസിന്റെ നിലപാട് വ്യക്തിപരം മാത്രമാണെന്ന് ഡൊമിനിക് പ്രസന്റേഷനും പറഞ്ഞു. കോൺഗ്രസ് ഹൈകമാൻഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കൂടുതൽ നേതാക്കൾ പ്രസ്താവനക്കെതിരെ രംഗത്തുവന്നതോടെ മുഹമ്മദ് ഷിയാസ് പിന്നീട് നിലപാട് മയപ്പെടുത്തി. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഷിയാസിന്റെ പ്രസ്താവന വന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വി.ഡി. സതീശന് അനുകൂലമായി നിരവധി പ്രവർത്തകർ രംഗത്തുവന്നു. പ്രചാരണ വേളയിൽ തന്നെ ഇടക്കിടെ തല പൊക്കിയിരുന്ന മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിൽ വീണ്ടും ചൂടുപിടിക്കുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.